കോഴിക്കോട്
കലിക്കറ്റ് സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി –യുഡിഎഫ് സഖ്യം. തദ്ദേശ സ്ഥാപന മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിലാണ് അവിശുദ്ധ കൂട്ട്. കോൺഗ്രസ് മത്സരിക്കേണ്ട കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് വെൽഫെയർ പാർടി രംഗത്തുള്ളത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.
വെൽഫെയർ–-യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് നൽകാൻ തദ്ദേശ സ്ഥാപനങ്ങളിലെ കോൺഗ്രസ് അംഗങ്ങൾക്ക് കെപിസിസി നിർദേശം നൽകിയിട്ടുണ്ട്. മതരാഷ്ട്രവാദികളായ ജമാ അത്തെയുമായുള്ള ബന്ധത്തിൽ കോൺഗ്രസിലും മുസ്ലിംലീഗിലും പ്രതിഷേധമുണ്ട്.
24-നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 26 -നും. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നുള്ള നഗരസഭ–-ഗ്രാമ–ബ്ലോക്ക് –- ജില്ലാപഞ്ചായത്തംഗങ്ങളായ ആറായിരത്തോളം പേരാണ് വോട്ടർമാർ. ജില്ലയിൽനിന്ന് ഒന്നുവീതം അഞ്ച് പേരെയാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കേണ്ടത്.
കാരശേരി പഞ്ചായത്തംഗം ഇ ഷാഹിനയാണ് കോഴിക്കോട്ടെ വെൽഫെയർ പാർടി സ്ഥാനാർഥി. പാലക്കാട്ട് നഗരസഭാ കൗൺസിലർ എം സുലൈമാനും. പാലക്കാട്, കോഴിക്കോട് ജില്ലകളിലായി കോൺഗ്രസിന് നാനൂറോളം തദ്ദേശ ജനപ്രതിനിധികളുണ്ട്. സ്ഥാനാർഥിയെ നിർത്താത്തതിന് കോൺഗ്രസ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. കോൺഗ്രസ്–- ലീഗ് വോട്ടുറപ്പാണെന്ന് വെൽഫെയർ പാർടി സ്ഥാനാർഥികൾ അവകാശപ്പെടുന്നു. അവിശുദ്ധ സഖ്യത്തിന് വോട്ടുചെയ്യില്ലെന്ന് ഒരു വിഭാഗം ജനപ്രതിനിധികൾ കെപിസിസി–- ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മലപ്പുറത്തും വയനാട്ടിലും ലീഗാണ് മത്സരിക്കുന്നത്. വയനാട്ടിൽ കെ കെ അബ്ദുൾഗഫൂറും മലപ്പുറത്ത് വി കെ ഷാഫിയും. നിയമസഭ–-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ജമാ അത്തെയുമായി യുഡിഎഫുണ്ടാക്കിയ സഖ്യത്തിന്റെ തുടർച്ചയാണ് കലിക്കറ്റ് സർവകലാശാലയിൽ ഉടലെടുത്തത്. തൃശൂരിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചിട്ടുണ്ട്–- അഡ്വ. അൽജോ പി ആന്റണി (കൊടകര ബ്ലോക്ക് പഞ്ചായത്തംഗം).
ഇ ചന്ദ്രബാബു (പാലക്കാട്), ഇ അഫ്സൽ (മലപ്പുറം), എൻ ഷിയോലാൽ (കോഴിക്കോട്), സുരേഷ് താളൂർ (വയനാട്) എന്നിവരാണ് മറ്റ് എൽഡിഎഫ് സ്ഥാനാർഥികൾ.