അഗളി
സ്വകാര്യ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ച കുട്ടിക്കൊമ്പൻ ആരോഗ്യം വീണ്ടെടുത്തു. വ്യാഴം രാവിലെയാണ് കുട്ടിയാനയെ അവശനിലയിൽ കണ്ടത്. ഭക്ഷണവും വെള്ളവും നൽകിയശേഷം ഉച്ചയോടെ കാട്ടിലെത്തിച്ച് അമ്മയോടൊപ്പം കൂട്ടത്തിലേക്ക് അയച്ചെങ്കിലും വൈകീട്ട് തിരികെയെത്തി. വെള്ളി രാവിലെ ദൊഡുഗട്ടി വനത്തിലേക്ക് മാറ്റിയ ആനക്കുട്ടിക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിനാവശ്യമായ പരിചരണം നൽകി.
രാത്രി കാട്ടാനക്കൂട്ടം ആനക്കുട്ടിക്ക് അടുത്തുവരെ എത്തിയെങ്കിലും കൂടെക്കൂട്ടിയില്ല. ഈ വനമേഖലയുടെ ഇരുഭാഗത്തും കാട്ടാനക്കൂട്ടങ്ങളുള്ളതിനാൽ എവിടെയാണ് അമ്മയാന ഉള്ളതെന്ന് കണ്ടെത്താനായിട്ടില്ല. വെള്ളിയാഴ്ച ഏറെ അവശനായി കാണപ്പെട്ടതിനാൽ കരിക്കിൻ വെള്ളവും തണ്ണിമത്തനുമായിരുന്നു ഭക്ഷണം. ശനിയാഴ്ച ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതോടെ ലാക്റ്റോജനും ഗ്ലൂക്കോസും നൽകി.
തൃശൂർ ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാമിന്റെ മേൽനോട്ടത്തിലാണ് ചികിത്സ.സി സുമേഷ്, കെ ശ്രീജിത്ത്, എം ശ്രീനിവാസൻ, പ്രവീൺ, പഴനി, കുമാരൻ, സാദിക് തുടങ്ങിയവരാണ് ആനക്കുട്ടിയെ പരിപാലിക്കുന്നത്. കൃഷ്ണവനത്തിൽനിന്ന് കിട്ടിയതിനാൽ കുട്ടിയാനയ്ക്ക് “കൃഷ്ണ’ യെന്നാണ് വനപാലകർ പേരിട്ടത്. കുട്ടിയാനയെ ഞായറാഴ്ച രാവിലെ ബൊമ്മിയാംപടി ഫോറസ്റ്റ് സ്റ്റേഷനുസമീപത്തെ കൂടിലേയ്ക്ക് മാറ്റും.