കൊച്ചി
പിഎസ്സി വിജ്ഞാപനം ചെയ്ത ഹൗസ് കീപ്പർ (സ്ത്രീ) തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ട്രാൻസ് വുമണിന് അനുമതി നൽകിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മിച്ചു. ട്രാൻസ് വുമൺ സമർപ്പിച്ച ഹർജിയുടെ ഉദ്ദേശ്യലക്ഷ്യം സംരക്ഷിക്കുകമാത്രമാണ് ഇടക്കാല ഉത്തരവിന്റെ ലക്ഷ്യമെന്ന് വിലയിരുത്തിയ ഹൈക്കോടതി, ഇരുവിഭാഗത്തെയും കേട്ടശേഷം മൂന്നുമാസത്തിനുള്ളിൽ ഹർജി തീർപ്പാക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനോട് ഉത്തരവിട്ടു.
ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കെഎടി ഉത്തരവിനെതിരെ പിഎസ്സി സമർപ്പിച്ച ഹർജി പരിഗണിച്ചത്. ഹോമിയോ മെഡിക്കൽ കോളേജിൽ ഹൗസ്കീപ്പർ തസ്തികയിലേക്ക് സ്ത്രീകൾക്കുമാത്രമായി പിഎസ്സി പുറപ്പെടുവിച്ച ഒഴിവിലേക്കാണ് ട്രാൻസ് വുമൺ അപേക്ഷിച്ചത്. പിഎസ്സിയുടെ സോഫ്റ്റ്വെയർ അപേക്ഷ നിരസിച്ചു. ഇത് 2019ലെ ട്രാൻസ്ജെൻഡേഴ്സ് നിയമത്തിന് വിരുദ്ധമാണെന്നും അപേക്ഷിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ട് ട്രാൻസ് വുമൺ കെഎടിയെ സമീപിച്ചു. അപേക്ഷ വെള്ള പേപ്പറിൽ സ്വീകരിക്കാൻ പിഎസ്സിയോട് ഇടക്കാല ഉത്തരവിലൂടെ കെഎടി നിർദേശിച്ചു. എന്നാൽ, വിശദീകരണം നൽകാൻ സമയം നൽകാതെയാണ് ട്രിബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്നു കാണിച്ച് പിഎസ്സി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹോസ്റ്റലിൽ താമസിക്കുന്ന സ്ത്രീകളുടെയടക്കം സുരക്ഷ ഹൗസ് കീപ്പറുടെ ഉത്തരവാദിത്വമാണെന്നും തെരഞ്ഞെടുക്കുന്നവർ സ്ത്രീയല്ലെങ്കിൽ ഗുരുതരമായ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാകുമെന്നുമാണ് പിഎസ്സിയുടെ വാദം. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അപേക്ഷക ട്രാൻസ് വുമൺ എന്നാണ് അവകാശപ്പെടുന്നതെങ്കിലും രേഖകളിൽ ട്രാൻസ് ജെൻഡറെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും പിഎസ്സി വ്യക്തമാക്കി.
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് പിഎസ്സിയുടെ ഭാഗം വ്യക്തമാക്കാൻ അവസരം നൽകേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് മൂന്നുമാസത്തിനുള്ളിൽ പരാതി തീർപ്പാക്കാൻ കെഎടിയോട് നിർദേശിച്ചത്.