തിരുവനന്തപുരം
സിപിഐ എമ്മിനെ ഇല്ലാതാക്കാൻ എൺപതുകളിൽ തലശേരി താലൂക്ക് ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിൽ ആർഎസ്എസ് അഖിലേന്ത്യ നേതൃത്വം ഭീകരത സൃഷ്ടിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിന്റെ ഭാഗമായാണ് കണ്ണൂർ ജില്ലയെ ദത്തെടുത്ത് ആദ്യഗഡുവായി രണ്ടുകോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചത്. കോടിയേരിയും പിണറായിയും വാൾമുനയുടെ മുന്നിലൂടെയാണ് സഞ്ചരിച്ചതെന്ന് പറഞ്ഞത് ഈ സാഹചര്യത്തിലാണ്. വാൾമുന മാത്രമല്ല, ബോംബുംകൂടിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രീജിത് രാജ് രചിച്ച “കോടിയേരി: ഒരു ജീവചരിത്രം’ എന്ന പുസ്തകം പ്രകാശിപ്പിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
കേരളത്തിൽ ആർഎസ്എസ്, ബിജെപി സംഘടനകൾക്ക് വളരാൻ അതിഭീകരമായ പശ്ചാത്തലം ഒരുക്കണമെന്നാണ് ഉത്തരേന്ത്യയിലെ ഏതോ ആർഎസ്എസ് ബുദ്ധിജീവി, ഗവേഷണമെന്നപോലെ കണ്ടെത്തിയത്. അതിന് സിപിഐ എമ്മിന്റെ മുഖപരിചയമില്ലാത്ത, നിഷ്കളങ്കരായ പ്രവർത്തകരെ കൊല്ലണം. പ്രത്യേകദിവസവും സമയവും നിശ്ചയിച്ച് തലശേരി താലൂക്കിന്റെ വിവിധ മേഖലകളിൽ എൺപതുകളിൽ ആർഎസ്എസ് ബോധപൂർവമായ ആക്രമണം നടത്തി. ഒരേസമയം ബീഡി കമ്പനികൾക്കെതിരെ ബോംബാക്രമണം നടത്തി. ആക്രമിക്കാൻ വന്നവരെ ബീഡി തൊഴിലാളികൾക്ക് പരിചയമുണ്ടായിരുന്നില്ല. ആരാണെന്ന് അറിയില്ല. മുഖപരിചയംപോലുമില്ല. ബോംബാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രണ്ടുപേർ മരിച്ചു – എം വി ഗോവിന്ദൻ പറഞ്ഞു.
പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. കറന്റ്ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് എൻ ചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, സിപിഐ എം ജില്ലാസെക്രട്ടറി വി ജോയി, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻകോടി, പ്രീജിത് രാജ് എന്നിവരും സംസാരിച്ചു. കറന്റ് ബുക്സ് മാനേജർ എം ടി ബാബു സ്വാഗതം പറഞ്ഞു.