കൊച്ചി
പുരാവസ്തു തട്ടിപ്പുകേസിലെ നിർണായക സാക്ഷി, മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തിനെ സ്വാധീനിക്കാൻ രണ്ടാംപ്രതി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ശ്രമം. മനസ്സാക്ഷി സൂക്ഷിപ്പുകാരനും യൂത്ത് കോൺഗ്രസ് നേതാവുമായ ഇരുമ്പനം കാട്ടേത്ത് എബിൻ എബ്രഹാം വഴിയാണ് അജിത്തിനെ സ്വാധീനിക്കാൻ സുധാകരൻ ശ്രമിച്ചത്. മോൻസൺ മാവുങ്കൽ അറസ്റ്റിലായശേഷം 2021 ഒക്ടോബർ, നവംബർ മാസങ്ങളിൽ അജിത്തിനെ എബിൻ വാട്സാപ്പിൽ വിളിച്ചു. നിരവധിതവണ വിളിച്ചെങ്കിലും അജിത് കോൾ എടുത്തില്ല. പലതവണ വാട്സാപ്പിൽ ശബ്ദസന്ദേശങ്ങളും അയച്ചു.
പ്രതികരിക്കാത്തതോടെ എബിൻ രണ്ടുതവണ കലൂരിലെ അജിത്തിന്റെ വീട്ടിലെത്തി. സുധാകരനെ മോൻസണിന്റെ വീട്ടിൽ കണ്ടത് പറയരുതെന്നായിരുന്നു ആവശ്യം. പണം ഉൾപ്പെടെ എന്തും നൽകാമെും വാഗ്ദാനം ചെയ്തു. താനും സുധാകരനും തമ്മിൽ അടുത്തബന്ധമാണെന്ന് പറയരുതെന്നും അനുസരിച്ചില്ലെങ്കിൽ യൂത്ത് കോൺഗ്രസുകാർ കൈകാര്യം ചെയ്യുമെന്നും ഭീഷണിമുഴക്കി. വൈറ്റിലയിലും പാലാരിവട്ടത്തും എബിൻ, തന്നെവന്നു കണ്ടതായും അജിത് പറഞ്ഞു. മോൻസൺ മാവുങ്കലിൽനിന്ന് കെ സുധാകരൻ നേരിട്ട് 10 ലക്ഷം രൂപ വാങ്ങിയതിന് താൻ സാക്ഷിയാണെന്ന് അജിത് നേരത്തേ വെളിപ്പെടുത്തിയിരുന്നു. സുധാകരന്റെ അടുത്ത അനുയായിയായ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിന്റെ അക്കൗണ്ടിലേക്കും മോൻസൺ പണം കൈമാറി. മോൻസണെ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി പരിചയപ്പെടുത്തിയത് എബിനാണ്. എബിനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യംചെയ്യും.
സുധാകരന്റെ ജാമ്യാപേക്ഷ 21ന് പരിഗണിക്കും
മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 21ന് പരിഗണിക്കും. വഞ്ചനാക്കേസിൽ ചോദ്യംചെയ്യലിന് 14ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതോടെയാണ് കെ സുധാകരൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാംപ്രതിയായ സുധാകരൻ 23ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അതിനുമുമ്പ് അറസ്റ്റ് ചെയ്യുമെന്ന ആശങ്ക വേണ്ടെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി കോടതിയെ അറിയിച്ചു. ചോദ്യം ചെയ്തശേഷം ആവശ്യമുണ്ടെങ്കിലേ അറസ്റ്റിലേക്ക് കടക്കൂവെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. ക്രിമിനൽ നടപടി ചട്ടമനുസരിച്ച് നിശ്ചിതദിവസം ഹാജരാകാൻ നോട്ടീസ് നൽകുമ്പോൾ അതിനുമുമ്പേ അറസ്റ്റ് ചെയ്യുമെന്ന ആശങ്ക വേണ്ടെന്നും സർക്കാർ അറിയിച്ചു.
തുടർന്ന് 21ന് ഹർജി പരിഗണിക്കുന്നതുവരെ കർശന നടപടികൾ ഉണ്ടാകരുതെന്ന് ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ നിർദേശിച്ചു. 14ന് ഹാജരാകാൻ സുധാകരൻ അസൗകര്യം അറിയിച്ചതിനാൽ 23ന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുകയായിരുന്നു.