തിരുവനന്തപുരം
നിർമാണമേഖലയിലെ മികവിന് ദേശീയ അംഗീകാരം നേടിയ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങളിൽ സ്വന്തം മുന്നണിയിലെ എംഎൽഎമാർക്കുപോലും വിശ്വാസമില്ല. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ പത്തിലധികം യുഡിഎഫ് എംഎൽഎമാരാണ് കഴിഞ്ഞ ഏഴു വർഷത്തിനിടെ മണ്ഡലത്തിലെ നിർമാണജോലികൾ നിർബന്ധപൂർവം ഊരാളുങ്കലിനെ ഏൽപ്പിച്ചത്.
ഊരാളുങ്കലിനെ അക്രഡിറ്റഡ് ഏജൻസിയാക്കിയത് ഉമ്മൻചാണ്ടി സർക്കാരാണ്. വലിയഴീക്കൽ പാലം നിർമാണം അവരെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് രമേശ് ചെന്നിത്തല. മലപ്പുറം ജില്ലയിലെ ഫ്ലാഗ്ഷിപ് പദ്ധതിയായ നാടുകാണി– പരപ്പനങ്ങാടി റോഡിനായി പി കെ കുഞ്ഞാലിക്കുട്ടിയും ഹിൽ ഹൈവേക്കുവേണ്ടി കെ സി ജോസഫും അവരെ തെരഞ്ഞെടുത്തു. തൊണ്ടയാട് ഫ്ലൈ ഓവർ നിർമാണത്തിന് എം കെ മുനീറും സഹകരണഭവൻ നിർമാണത്തിന് പരേതനായ സി എൻ ബാലകൃഷ്ണനും ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐഐഐസി) മന്ദിരനിർമാണത്തിന് ഷിബു ബേബി ജോണും ഊരാളുങ്കലിനെ സമീപിച്ചു. പാലക്കാട് ബസ് സ്റ്റാൻഡിന്റെ എൻട്രൻസ് പ്ലാസ നിർമാണം ഷാഫി പറമ്പിൽ ഏൽപ്പിച്ചതും കാട്ടാനയിൽനിന്ന് സംരക്ഷണം നേടാൻ വളയംചാൽ – കരിയംകാപ്പ് മതിൽ നിർമാണത്തിന് സണ്ണി തോമസ് തെരഞ്ഞെടുത്തതും ഊരാളുങ്കലിനെത്തന്നെ. 37 സർക്കാർ സ്കൂളിലെ 373 ക്ലാസ് മുറിയുടെയും 19 എയ്ഡഡ് സ്കൂളിലെ ക്ലാസ് മുറികളുടെയും നവീകരണം പി കെ ബഷീറും ഊരാളുങ്കലിന് നൽകി. പാറയ്ക്കൽ അബ്ദുള്ളയും കെ കെ രമയും വിവിധ നിർമാണജോലികൾ ഏൽപ്പിച്ചു. മറ്റു പല യുഡിഎഫ് എംഎൽഎമാരും ഈ പട്ടികയിലുണ്ട്.
നിർമാണത്തിൽ ഗുണമേന്മയും കാര്യക്ഷമതയും കൃത്യനിഷ്ഠയും ഉറപ്പുവരുത്തുന്ന സൊസൈറ്റിയെ ആക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്ന് യുഡിഎഫിലെതന്നെ ഒരു മുൻ എംഎൽഎ വ്യക്തമാക്കി. അഴിമതിപ്പണം ഇടുന്ന പെട്ടിയാണ് ഊരാളുങ്കലെങ്കിൽ അതിന്റെ പങ്ക് പറ്റാനാണോ യുഡിഎഫ് എംഎൽഎമാരും സമീപിച്ചതെന്ന ചോദ്യത്തിനും സതീശൻ മറുപടി പറയേണ്ടിവരും.