ഭുവനേശ്വർ
വനിതകളുടെ ട്രിപ്പിൾജമ്പിൽ കേരളത്തിന്റെ എൻ വി ഷീന ഏഷ്യൻ ഗെയിംസിന് യോഗ്യത നേടി. 13.60 മീറ്റർ ചാടിയാണ് ഒന്നാംസ്ഥാനവും ചൈനയിൽ സെപ്തംബറിൽ നടക്കുന്ന ഗെയിംസിനുള്ള ടിക്കറ്റും സ്വന്തമാക്കിയത്. ആദ്യചാട്ടം ഫൗളാക്കിയ ഷീന രണ്ടാംചാട്ടത്തിൽ 13.25 മീറ്റർ താണ്ടി. മൂന്നാംചാട്ടത്തിലാണ് ഏഷ്യൻ ഗെയിംസ് യോഗ്യതാദൂരമായ 13.58 മീറ്റർ മറികടന്നത്. നാലും അഞ്ചും ചാട്ടം ഫൗളായി. അവസാനചാട്ടം 13.32 മീറ്ററാണ്. വെള്ളി നേടിയ കേരളത്തിന്റെ നയന ജയിംസ് 13.33 മീറ്ററാണ് ചാടിയത്.
പുരുഷന്മാരുടെ 400 മീറ്ററിൽ വെള്ളിയുമായി കേരളത്തിന്റെ മുഹമ്മദ് അനസ് യഹിയയും (45.76 സെക്കൻഡ്) വെങ്കലം സ്വന്തമാക്കി വി മുഹമ്മദ് അജ്മലും (45.90) ഏഷ്യൻ ഗെയിംസിന് യോഗ്യത നേടി. ഈയിനത്തിലെ യോഗ്യതാസമയം 46.17 സെക്കൻഡായിരുന്നു. അതിഥിതാരമായ ശ്രീലങ്കയുടെ കലിംഗ കുമരകെ (45.64) സ്വർണം കരസ്ഥമാക്കി. നാലാംസ്ഥാനത്തെത്തിയ ഡൽഹി മലയാളി അമോജ് ജേക്കബും (45.91) യോഗ്യതാസമയം മറികടന്നു.
സെമിയിലെ പ്രകടനം ആവർത്തിക്കാൻ അജ്മലിനും അനസിനുമായില്ല. 45.51 സെക്കൻഡിലാണ് അജ്മൽ സെമി പൂർത്തിയാക്കിയത്. അനസാകട്ടെ 45.63 സെക്കൻഡിൽ ഫൈനലിൽ കടന്നു. എന്നാൽ, മെഡൽ പോരാട്ടത്തിൽ ശ്രീലങ്കക്കാരന്റെ പോരാട്ടവീര്യത്തിനുമുന്നിൽ കീഴടങ്ങി.
വനിതകളുടെ 400 മീറ്ററിൽ നാല് താരങ്ങളാണ് യോഗ്യതാസമയമായ 52.96 സെക്കൻഡ് മറികടന്നത്. ഹരിയാനയുടെ അഞ്ജലി ദേവിക്കാണ് സ്വർണം.(51.58). ഹിമാൻഷി മാലിക് വെള്ളിയും തമിഴ്നാടിന്റെ വിദ്യ രാമരാജ് വെങ്കലവും നേടി. പുരുഷന്മാരുടെ 800 മീറ്ററിൽ ആദ്യ മൂന്ന് സ്ഥാനക്കാർ ഏഷ്യൻ ഗെയിംസ് യോഗ്യതാ സമയത്തെ അതിജീവിച്ചു. ഹരിയാനയുടെ കൃഷൻ കുമാറിന് (1:46.17) പിന്നിൽ കേരളത്തിന്റെ പി മുഹമ്മദ് അഫ്സൽ (1:47.47) വെള്ളി നേടി. തമിഴ്നാടിന്റെ പ്രദീപ് സെന്തിൽകുമാറിനാണ് വെങ്കലം. കേരളത്തിന്റെ ജെ റിജോയ് ആറാമതായി. വനിതകളുടെ 1500 മീറ്ററിൽ മധ്യപ്രദേശിന്റെ കെ നദീക്ഷ സ്വർണവും പഞ്ചാബിന്റെ ഹർമിലൻ ബെയ്ൻസ് വെള്ളിയും സ്വന്തമാക്കി. കേരളത്തിന്റെ പി യു ചിത്ര ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഉത്തർപ്രദേശിന്റെ പാരുൾ ചൗധരി മീറ്റ് റെക്കോഡോടെ സ്വർണത്തിലെത്തി. ഏഷ്യൻ ഗെയിംസ് യോഗ്യതാസമയവും മറികടന്നു. കേരളം മെഡൽ പ്രതീക്ഷിച്ച 4×400 മീറ്റർ മിക്സഡ് റിലേയിൽ നിരാശയായി. നാലാം സ്ഥാനമേയുള്ളു.
ജ്യോതിയും ശിവകുമാറും വേഗക്കാർ
ജ്യോതി യാരാജിയും ബി ശിവകുമാറും ഇന്റർ സ്റ്റേറ്റ് മീറ്റിലെ വേഗക്കാരായി. വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ ആന്ധ്രയുടെ ജ്യോതി 11.46 സെക്കൻഡിലാണ് സ്വർണമണിഞ്ഞത്. ഒഡിഷയുടെ ശ്രാബണി നന്ദ 11.59 സെക്കൻഡിൽ വെള്ളിയും ഹരിയാനയുടെ ഹിമാശ്രീ റോയ് 11.71 സെക്കൻഡിൽ വെങ്കലവും നേടി. ഈയിനത്തിൽ ഏഷ്യൻ ഗെയിംസ് യോഗ്യതാ സമയം 11.42 സെക്കൻഡായിരുന്നു.
തമിഴ്നാട്ടുകാരനായ ശിവകുമാർ 10.37 സെക്കൻഡിലാണ് പുരുഷവിഭാഗത്തിൽ ഒന്നാമതെത്തിയത്. പഞ്ചാബിന്റെ ഹർജിത് സിങ് 10.45 സെക്കൻഡിൽ വെള്ളി സ്വന്തമാക്കി. തമിഴ്നാടിന്റെ ഇലകിയാ ദാസനാണ് വെങ്കലം (10.47). ഏഷ്യൻ ഗെയിംസ് യോഗ്യതാസമയം 10.19 സെക്കൻഡായിരുന്നു. രണ്ട് വിഭാഗത്തിലും കേരള താരങ്ങൾക്ക് ഫൈനലിലെത്താനായില്ല. വനിതകളിൽ എ പി ഷിൽബിയും പി ഡി അഞ്ജലിയും സെമിയിൽ പുറത്തായി. പുരുഷന്മാരിൽ മെയ്മോൻ പൗലോസിനും ഫൈനലിലേക്ക് മുന്നേറാനായില്ല.
തീപാറും ട്രിപ്പിൾജമ്പ്
ഇന്റർ സ്റ്റേറ്റ് മീറ്റിൽ മൂന്നാംദിവസമായ ഇന്ന് 10 ഇനങ്ങളിൽ ഫൈനൽ നടക്കും. പുരുഷന്മാരുടെ ട്രിപ്പിൾജമ്പ് തീപാറുന്ന മത്സരമാകും. ദേശീയ ചാമ്പ്യൻ പ്രവീൺ ചിത്രവേൽ (തമിഴ്നാട്), കോമൺവെൽത്ത് സ്വർണക്കാരൻ എൽദോസ് പോൾ, വെള്ളി നേടിയ അബ്ദുള്ള അബൂബക്കർ (ഇരുവരും കേരളം) എന്നിവർ മത്സരിക്കും.
പുരുഷ, വനിതാ 4×100 മീറ്റർ റിലേയുണ്ട്. പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസും വനിതകളുടെ 100 മീറ്റർ ഹർഡിൽസും ഫൈനലുമുണ്ട്. പുരുഷ ഹൈജമ്പിലും വനിതാ പോൾവോൾട്ടിലും ജേതാവിനെ അറിയാം. പുരുഷ ഹാമർത്രോ ഫൈനലും ഇന്നാണ്. വനിതാ ഹെപ്റ്റാത്ത്ലൺ, പുരുഷ ഡെക്കാത്ത്ലൺ മെഡലുകാരെയും ഇന്നറിയാം.