ആംസ്റ്റർഡാം
പകരക്കാരൻ ജോസെലുവിന്റെ ഗോളിൽ ഇറ്റലിയെ 2–-1ന് മറികടന്ന് സ്പെയ്ൻ യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ. കളിതീരാൻ രണ്ട് മിനിറ്റ്മാത്രം ശേഷിക്കെയാണ് ജോസെലു വിജയഗോൾ കുറിച്ചത്. ഞായറാഴ്ച ക്രൊയേഷ്യയുമായാണ് കിരീടപ്പോരാട്ടം. തുടർച്ചയായി രണ്ടാംതവണയാണ് സ്പെയ്ൻ ഫൈനലിൽ കടക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ഫ്രാൻസിനോട് തോറ്റു. ഇറ്റലിക്കെതിരെ സ്പെയ്നാണ് ആദ്യം മുന്നിലെത്തിയത്. യെറെമി പിനോ ലക്ഷ്യംകണ്ടു. എന്നാൽ, തൊട്ടുപിന്നാലെ സിറൊ ഇമൊബീൽ ഇറ്റലിക്ക് സമനില സമ്മാനിച്ചു.
നെതർലൻഡ്സിലെ ഡി ഗ്രോൾഷ് വെസ്തെ സ്റ്റേഡിയത്തിൽ ആദ്യപകുതി ബലാബലമായിരുന്നു. പതിവുശൈലിയിൽ ആസൂത്രിത പാസുകളുമായി സ്പെയ്ൻ കളം നിറഞ്ഞപ്പോൾ പ്രത്യാക്രമണമായിരുന്നു ഇറ്റലിയുടെ മറുതന്ത്രം. മൂന്നാംമിനിറ്റിൽ സ്പാനിഷ് പട ലീഡെടുത്തു. ഇറ്റാലിയൻ പ്രതിരോധഹൃദയത്തിലെ വിശ്വസ്തനും ക്യാപ്റ്റനുമായ ലിയോണാർഡോ ബൊനൂച്ചിയിൽനിന്ന് പന്തുറാഞ്ചി പിനോ ലക്ഷ്യത്തിലേക്ക് പന്തയച്ചു. ഗോൾകീപ്പർ ജിയാൻല്യൂജി ദൊന്നരുമയ്ക്ക് കാഴ്ചക്കാരനാകാനേ സാധിച്ചുള്ളൂ. ആധിപത്യം അധികനേരത്തേക്ക് നീട്ടാനായില്ല സ്പെയ്നിന്. ബോക്സിൽ അരങ്ങേറ്റക്കാരൻ റോബിൻ ലെ നോർമാണ്ടിന്റെ കൈയിൽ പന്ത് തട്ടിയതിന് നൽകിയ വില വലുതായിരുന്നു, -പെനൽറ്റി. ഇമൊബീൽ അനായാസം തൊടുത്തു.
ഒപ്പമെത്തിയതിന്റെ ആത്മവിശ്വാസം ഇറ്റലിക്ക് കരുത്തായി. അവരുടെ മുന്നേറ്റനിര ഉണർന്നു. ജോർജീന്യോയുടെ ഒന്നാന്തരം പാസിൽനിന്ന് ദാവീദ് ഫ്രാട്ടെസി സ്പെയ്ൻവല കുലുക്കിയെങ്കിലും ഓഫ്സൈഡായി. രണ്ടാംപകുതിയിൽ സ്പെയ്ൻ ഉണർന്നു. റോഡ്രിക്കും അൽവാരൊ മൊറാട്ടയ്ക്കും അവസരമുണ്ടായി.
84–ാംമിനിറ്റിലാണ് മൊറാട്ടയെ പിൻവലിച്ച് പരിശീലകൻ ലൂയിസ് ഡെ ല ഫുയെന്റെ ജോസെലുവിനെ ഇറക്കിയത്. നാല് മിനിറ്റിനകം മുപ്പത്തിമൂന്നുകാരൻ പരിശീലകന്റെ വിശ്വാസം കാത്തു. സ്പെയ്നിനായി മൂന്ന് കളിയിൽ മൂന്ന് ഗോളായി ഈ മുന്നേറ്റക്കാരന്. ഈ സീസൺ സ്പാനിഷ് ലീഗിൽ 16 ഗോളുമായി ഗോൾവേട്ടക്കാരിൽ മൂന്നാമനായിരുന്നു ഈ എസ്പാന്യോൾ താരം. അടുത്ത സീസണിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനൊരുങ്ങുകയാണ് ജോസെലു.
ഫൈനൽ ഞായറാഴ്ച ; സ്പെയ്ൻ–-ക്രൊയേഷ്യ
മൂന്നാമത് യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടത്തിനായി സ്പെയ്നും ക്രൊയേഷ്യയും ഏറ്റുമുട്ടും. ഞായർ രാത്രി 12.15ന് റോട്ടർഡാമിലെ ഫെയെനൂർദ് സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ റണ്ണറപ്പുകളാണ് സ്പെയ്ൻ. 2012 യൂറോ കപ്പ് വിജയത്തിനുശേഷമുള്ള ആദ്യ കിരീടമാണ് ലക്ഷ്യം. ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യക്കാകട്ടെ രാജ്യാന്തര വേദിയിലെ ആദ്യ ട്രോഫിയും. സെമി മത്സരങ്ങളിൽ തോറ്റ ഇറ്റലിയും നെതർലൻഡ്സും മൂന്നാംസ്ഥാനത്തിനായി ഞായർ വൈകിട്ട് മത്സരിക്കും.