തിരുവനന്തപുരം
2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കാൻ ജൂറിയുടെ ചെയർമാനായി ബംഗാളി സംവിധായകൻ ഗൗതംഘോഷ്. 1980 മുതൽ ഇന്ത്യൻ സമാന്തര സിനിമയുടെ ശക്തനായ പ്രയോക്താവായ അദ്ദേഹത്തിന് മികച്ച ചിത്രം, മികച്ച പ്രാദേശിക ഭാഷാ ചിത്രം, ദേശീയോദ്ഗ്രഥന ചിത്രം തുടങ്ങി വിവിധ വിഭാഗത്തിലായി 17 ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
നേമം പുഷ്പരാജ്, കെ എം മധുസൂദനൻ എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരാണ്. ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. പ്രാഥമിക ജൂറിയിൽ എട്ട് അംഗങ്ങളും അന്തിമ ജൂറിയിൽ ഏഴ് അംഗങ്ങളുമാണുള്ളത്.
എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ സി നാരായണനാണ് രചനാവിഭാഗം ജൂറിയുടെ ചെയർമാൻ. 154 സിനിമയാണ് അവാർഡിന് പരിഗണിക്കുന്നത്. ഇവയിൽ എട്ട് എണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. 19ന് ജൂറി സ്ക്രീനിങ് ആരംഭിക്കും.