ന്യൂഡൽഹി > കോൺഗ്രസുമായി സഹകരണത്തിന് ഉപാധിവച്ച് ആം ആദ്മി പാർടി(എഎപി). ഡൽഹിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് കോൺഗ്രസ് മാറിനിന്നാൽ രാജസ്ഥാനിലും മധ്യപ്രദേശിലും തങ്ങൾ മത്സരിക്കില്ലെന്ന് എഎപി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. 2015, 2020 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഡൽഹിയിൽ സീറ്റൊന്നും കിട്ടിയില്ലെന്ന് ഭരദ്വാജ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഏറ്റവും പഴയ പാർടിയാണ് കോൺഗ്രസ്. എന്നാൽ ഇപ്പോൾ അവർക്ക് സ്വന്തമായ ആശയങ്ങളൊന്നുമില്ല. എഎപിയുടെ പ്രകടനപത്രിക പകർത്തുകയാണ്. നേതാക്കളുടെ കാര്യത്തിൽ മാത്രമല്ല, ആശയങ്ങളുടെ മേഖലയിലും കോൺഗ്രസ് ദരിദ്രമാണെന്ന് എഎപി നേതാവ് പറഞ്ഞു. ഡൽഹി സർക്കാരിന്റെ അധികാരം വെട്ടിക്കുറച്ച് കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിന് എതിരായ പോരാട്ടത്തിൽ എഎപി പിന്തുണ തേടിയെങ്കിലും കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. മറ്റ് പ്രതിപക്ഷ രാഷ്ട്രീയകക്ഷികളെല്ലാം ഈ വിഷയത്തിൽ എഎപിക്ക് പിന്തുണ ഉറപ്പ് നൽകി.