കൊച്ചി > അധിക്ഷേപ ചാനലായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കുന്നത്തുനാട് എംഎൽഎ പി വി ശ്രീനീജിൻ പട്ടികജാതി പീഢനനിരോധന നിയമപ്രകാരം പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഷാജൻ സ്കറിയ മുൻകൂർ ജാമ്യം തേടിയത്. കേസിൽ അറസ്റ്റ് തടയണമെന്ന ഷാജന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
മറുനാടൻ ചാനലിലൂടെ ഷാജൻ സ്കറിയ നടത്തിയ അധിക്ഷേപം പട്ടികജാതി പിന്നോക്ക വിഭാഗത്തെ അടച്ചാക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നെന്ന എംഎൽഎയുടെ വാദം അംഗീകരിച്ചാണ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയത്. ശ്രീനിജിനെതിരായ അധിക്ഷേപം വ്യക്തിപരമാണെന്നായിരുന്നു ഷാജൻ സ്കറിയയുടെ വാദം. സംവരണ മണ്ഡലത്തിന്റെ പ്രതിനിധിയാണെന്നറിഞ്ഞു തന്നെ എംഎൽഎയെ കൊലയാളിയും ആക്രമിയുമൊക്കെയാക്കി നിരന്തരം അധിക്ഷേപിക്കുകയാണെന്നും അത് പട്ടികജാതി സമൂഹത്തെയാകെ ബാധിക്കുന്നതാണെന്നും വാദിഭാഗം ബോധിപ്പിച്ചു. എംഎൽഎക്കുവേണ്ടി അഡ്വ. കെ എസ് അരുൺകുമാറാണ് ഹാജരായത്.
ശ്രീനിജിനെ അധിക്ഷേപിച്ച് മെയ് 25 ന് മറുനാടൻ മലയാളി ചാനലിൽ വന്ന വാർത്ത പിന്നീട് വിവിധ മാധ്യമങ്ങളിലുടെ ഷാജൻ സ്കറിയ വ്യാപകമായി പ്രചാരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ജൂൺ എട്ടിനാണ് എംഎൽഎ എളമക്കര പൊലീസിൽ പരാതിപ്പെട്ടത്. കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഷാജൻ സ്കറിയ ഒളിവിൽപ്പോയി. തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷാജൻ സ്കറിയയുടെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. ഷാജൻ സ്കറിയക്ക് പുറമെ സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരും പ്രതികളാണ്.