തൃശൂർ> വ്യാജ വാർത്താ കേസുകൾക്ക് നടപടി നേരിടുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് പിന്തുണയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറുനാടൻ മലയാളിയെ ശ്വാസംമുട്ടിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മറുനാടൻ മലയാളിയെ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്നു. മറുനാടൻ മലയാളിയുടെ വാർത്തകൾക്കെതിരായി പരാതികൾ ഉണ്ടെങ്കിൽ അതിനെ നിയമപരമായാണ് നേരിടേണ്ടത്. അതിന് പകരം അവരെ ശ്വാസം മുട്ടിക്കാനും ഭീഷണിപ്പെടുത്താനുമുള്ള നീക്കം കേരളം പോലുള്ള സംസ്ഥാനത്ത് ഒരിക്കലും അനുവദിച്ച് കൊടുക്കാൻ കഴിയില്ല’- രമേശ് ചെന്നിത്തല പറഞ്ഞു.
പ്രമുഖ വ്യവസായി യൂസഫ് അലി, നടൻ പൃഥ്വിരാജ് സുകുമാരൻ, പി വി ശ്രീനിജിൻ എംഎൽഎ എന്നിവർക്കെതിരെ അപകീർത്തിപരമായ വാർത്തകൾ നൽകിയ സംഭവത്തിലാണ് അധിക്ഷേപ ചാനലായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ വിവിധ കേസുകൾ നിലവിലുള്ളത്.