ന്യൂഡൽഹി > ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡനക്കേസിൽ പ്രായപൂർത്തിയാകാത്ത താരം മൊഴി മാറ്റിയതിൽ സംശയം പ്രകടപ്പിച്ച് ഗുസ്തി താരം സാക്ഷി മലിക്. കുട്ടിക്കും കുടുംബത്തിനും മേലുണ്ടായ നിരന്തരമായ സമ്മർദത്തെത്തുടർന്നാണ് മൊഴി മാറ്റിയതെന്ന് സംശയമുണ്ടെന്ന് സാക്ഷി മലിക് ദേശീയ മാധ്യമത്തോട് പറഞ്ഞു.
ബിജെപി എംപി കൂടിയായ ബ്രിജ്ഭൂഷണിന് എതിരായ പോക്സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് സാക്ഷിയുടെ പ്രതികരണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി ആദ്യം തന്നെ മജിസ്ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്തിയിരുന്നുവെങ്കിൽ അത് പിൻവലിക്കുന്ന സാഹചര്യമുണ്ടാവില്ലായിരുന്നുവെന്നും മറ്റുള്ള പെൺകുട്ടികളും ലൈംഗികാതിക്രമ പരാതികളുമായി മുമ്പോട്ട് വരുമായിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു.
തെളിവുകളില്ലാത്തതിനാൽ ബ്രിജ് ഭൂഷണെതിരായ പോക്സോ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരം മൊഴി മാറ്റിയിരുന്നു.