കൊച്ചി> പുരാവസ്തു തട്ടിപ്പ് കേസിലെ ഒന്നാം പ്രതി മോൻസൺ മാവുങ്കലിനെതിരെയുള്ള പോക്സോ കേസിൽ കോടതി ശനിയാഴ്ച വിധി പറയും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം.
തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടിൽ വച്ച് വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ചതായാണ് കേസ്. പെൺകുട്ടിക്ക് പതിനേഴ് വയസുള്ളപ്പോഴാണ് സംഭവം. കുട്ടിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതായാണ് പരാതി. കലൂരിലെ വീടിന് പുറമെ കൊച്ചിയിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ വച്ചും പീഡനമുണ്ടായി.
പുരാവസ്തു തട്ടിപ്പ് കേസിൽ 2021ൽ മോൻസൺ അറസ്റ്റിലായ ശേഷമാണ് പെൺകുട്ടിയുടെ അമ്മ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. മോൻസണെ ഭയന്നിട്ടാണ് പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് കേസിൽ വിധിപറയുന്നത്.