റോട്ടർഡാം
ആദ്യ രാജ്യാന്തര കിരീടമെന്ന സ്വപ്നത്തിന് ഒരു ജയമകലെ ക്രൊയേഷ്യ. യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ സെമിയിൽ നെതർലൻഡ്സിനെ 4–-2ന് കശക്കി ലൂക്കാ മോഡ്രിച്ചും പടയാളികളും ഫൈനലിലേക്ക് കുതിച്ചു. അധികസമയംവരെ നീണ്ട ആവേശപ്പോരിലാണ് ക്രൊയേഷ്യയുടെ ജയം. നിശ്ചിതസമയം സ്കോർ 2–-2 ആയിരുന്നു. ഞായറാഴ്ച നടക്കുന്ന കിരീടപ്പോരിൽ സ്പെയ്ൻ–-ഇറ്റലി രണ്ടാംസെമി വിജയികളെ നേരിടും.
റഷ്യയിൽ 2018ൽ നടന്ന ലോകകപ്പിൽ റണ്ണറപ്പാകുകയും ഖത്തറിൽ മൂന്നാംസ്ഥാനത്തെത്തുകയും ചെയ്ത ക്രൊയേഷ്യ പതിവുതെറ്റിച്ചില്ല. ഇത്തവണയും മികവ് ആവർത്തിച്ചു. കൂട്ടായ്മയിൽ വിശ്വസിച്ച് സംഘടിതഫുട്ബോൾ കളിച്ചു. ഡച്ചുകാർക്കെതിരെ അവരുടെ തട്ടകത്തിൽ പിന്നിട്ടുനിന്നശേഷമായിരുന്നു ഉജ്വല തിരിച്ചുവരവ്.
ഡൊണിയെൽ മാലെനിലൂടെ ആദ്യം മുന്നിലെത്തിയത് ഓറഞ്ചുപടയായിരുന്നു. ഇടവേളയ്ക്കുശേഷം മോഡ്രിച്ചിനെ വീഴ്ത്തിയതിന് കിട്ടിയ പെനൽറ്റിയിൽ ക്രൊയേഷ്യ സമനില പിടിച്ചു. ആന്ദ്രെ ക്രമാറിച്ചാണ് ലക്ഷ്യം കണ്ടത്. പിന്നാലെ മരിയേ പസാലിച്ച് ലീഡും നൽകി. എന്നാൽ, കളി തീരാൻ നിമിഷങ്ങൾമാത്രം ബാക്കിനിൽക്കെ പരിക്കുസമയം നോയ ലാങ് നെതർലൻഡ്സിനെ തിരിച്ചുകൊണ്ടുവന്നു.
അധികസമയം ഡച്ചുകാരെ നിഷ്പ്രഭരാക്കി ക്രൊയേഷ്യ. ഇടവേളയില്ലാത്ത ആക്രമണത്തിൽ വിർജിൽ വാൻ ഡിക് നയിച്ച പ്രതിരോധം കീഴടങ്ങി. മോഡ്രിച്ച് നൽകിയ അവസരത്തിലൂടെ ബ്രൂണോ പെറ്റ്കോവിച്ച് മൂന്നാംഗോൾ നേടി. അടുത്തത് പെനൽറ്റിയിലൂടെ മോഡ്രിച്ചും തൊടുത്തു. പെറ്റ്കോവിച്ച് ഒരിക്കൽക്കൂടി വല കുലുക്കിയെങ്കിലും ഓഫ് സൈഡായി.
ലോകകപ്പിനുശേഷം പരിശീലകസ്ഥാനമൊഴിഞ്ഞ ലൂയിസ് വാൻ ഗാലിനുശേഷം എത്തിയ ഡച്ചിന്റെ റൊണാൾഡ് കൂമാന്റെ രണ്ടാംതോൽവിയാണിത്. യൂറോ യോഗ്യതാ മത്സരത്തിൽ ഫ്രാൻസിനോട് നാല് ഗോളിന് അടിയറവ് പറഞ്ഞിരുന്നു.