ജനീവ
ലോകത്തിന്റെ വിവിധയിടങ്ങളിൽ യുദ്ധവും സംഘർഷങ്ങളുംമൂലം വീടുവിടേണ്ടി വന്നത് 11 കോടി പേർക്കെന്ന് ഐക്യരാഷ്ട്രസംഘടന. ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സുഡാനിൽ ഏപ്രിലിനുശേഷംമാത്രം 20 ലക്ഷം പേർ അഭയാർഥികളായെന്നും യുഎൻ അഭയാർഥി കമീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. യുഎൻ അഭയാർഥി ഏജൻസിയുടെ 2022ലെ ഗ്ലോബൽ ട്രെൻഡ്സ് റിപ്പോർട്ട് അദ്ദേഹം പുറത്തുവിട്ടു.
2022ൽ മാത്രം 1.9 കോടി പേർക്കാണ് പലായനം ചെയ്യേണ്ടി വന്നത്. ഇതിൽ റഷ്യ– ഉക്രയ്ൻ യുദ്ധത്തെ തുടർന്ന് നാടും വീടും വിടേണ്ടി വന്നവരാണ് കൂടുതൽ–- 1.1 കോടി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇത്യോപ്യ, മ്യാന്മർ എന്നിവിടങ്ങളിലെ ആഭ്യന്തരയുദ്ധം പത്തുലക്ഷം പേരെ ഭവനരഹിതരാക്കി.
കലാപങ്ങളെ തുടർന്ന് നാടുവിട്ടതിൽ 35 ശതമാനം പേരും മറ്റ് രാജ്യങ്ങളിൽ അഭയം തേടി. തുർക്കിയിൽ ഇത്തരത്തിൽ 38 ലക്ഷം അഭയാർഥികളും ഇറാനിൽ 34 ലക്ഷം അഭയാർഥികളുമാണ് അഭയം തേടിയത്. യുദ്ധത്തെ തുടർന്ന് 57 ലക്ഷം ഉക്രയ്ൻകാർ വിവിധ രാജ്യങ്ങളിലേക്ക് കഴിഞ്ഞ വർഷം പലായനം ചെയ്തതായും റിപ്പോർട്ട് പറയുന്നു.