ന്യൂഡൽഹി
വർഗീയ–- വംശീയ കലാപം രൂക്ഷമായ മണിപ്പുരിൽ വ്യാഴാഴ്ചയും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇംഫാലിൽ ജനക്കൂട്ടവും സുരക്ഷാസേനയും ഏറ്റുമുട്ടി. നിരവധി വീടുകൾക്ക് തീയിട്ടു. സുരക്ഷാസേനയുടെ കണ്ണീർവാതക പ്രയോഗത്തിലും മറ്റും ഒട്ടേറെ പേർക്ക് പരിക്കേറ്റു. അക്രമം തടയുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് കരസേന ട്വീറ്റ് ചെയ്തു.
ഇംഫാലിലെ ന്യൂ ചെക്കൊൺ മേഖലയിലാണ് വ്യാഴാഴ്ച സംഘർഷമുണ്ടായത്. ബുധനാഴ്ച കിഴക്കൻ ഇംഫാലിലെ ഖമൻലോക് മേഖലയിൽ കുക്കികളുടെ ഗ്രാമത്തിനുനേരെ ഉണ്ടായ ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയെന്നോണ്ണം സംസ്ഥാനത്തെ വനിതാ മന്ത്രി നെംച കിപ്ചെന്നിന്റെ ഔദ്യോഗിക വസതിക്ക് അക്രമികൾ തീയിട്ടു. മണിപ്പുരിലെ 11 ജില്ലയിലും കർഫ്യൂ തുടരുന്നു. ഇന്റർനെറ്റ് വിലക്കും നിലനിൽക്കുകയാണ്. മൊബൈൽ നെറ്റും ബ്രോഡ്ബാൻഡും ലഭ്യമല്ല. മെയ് മൂന്നിന് തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ നൂറിലേറെ പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.
സമാധാന സമിതിയിൽനിന്ന്
പിന്മാറി തരൻ തിയാം
മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനെന്ന പേരിൽ രൂപീകരിച്ച സമിതിയിൽനിന്ന് പിൻവാങ്ങി നാടക പ്രവർത്തകൻ തരൻ തിയാം. സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രാപ്തി സമിതിക്കില്ലെന്ന് അദ്ദേഹം വിമർശിച്ചു. കലാപം കത്തിപ്പടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. ശക്തമായ രാഷ്ട്രീയ നിലപാടും ഇടപെടലുമാണ് ഉയർന്നുവരേണ്ടതെന്നും തരൻ തിയാം വ്യക്തമാക്കി. 51 അംഗ സമാധാന സമിതിയിൽനിന്ന് കുക്കി സംഘടനാ പ്രതിനിധികൾ നേരത്തേ പിൻവാങ്ങിയിരുന്നു.