ഭുവനേശ്വർ
ഉത്തർപ്രദേശിൽനിന്നുള്ള കാർതിക് കുമാർ പുരുഷന്മാരുടെ 10000 മീറ്ററിൽ ഏഷ്യൻ ഗെയിംസിന് യോഗ്യത നേടി. ഇന്റർ സ്റ്റേറ്റ് അത്ലറ്റിക് മീറ്റിന്റെ ആദ്യദിനം 29 മിനിറ്റ് 01.84 സെക്കൻഡിൽ സ്വർണമണിഞ്ഞാണ് നേട്ടം. ഈയിനത്തിൽ ഏഷ്യൻ ഗെയിംസ് യോഗ്യതാ സമയം 29 മിനിറ്റും 30 സെക്കൻഡുമായിരുന്നു. ആദ്യ നാല് സ്ഥാനക്കാരും ഈ സമയം മറികടന്നു. മികച്ച രണ്ടുപേർക്ക് ഗെയിംസിനായി ചൈനയിലേക്ക് പറക്കാം. ഉത്തർപ്രദേശിന്റെ ഗുൽവീർ സിങ് വെള്ളി നേടി.
വനിതകളിൽ ഹിമാചൽ പ്രദേശിന്റെ സീമ ഒന്നാമതെത്തി. മഹാരാഷ്ട്രയുടെ സഞ്ജീവനിയെയാണ് പിന്തള്ളിയത്. 20 കിലോമീറ്റർ നടത്തത്തിൽ ഹരിയാനയുടെ സന്ദീപ് കുമാർ സ്വർണവും തമിഴ്നാടിന്റെ എസ് സെൽവൻ വെള്ളിയും സ്വന്തമാക്കി. കേരളത്തിന്റെ ഒളിമ്പ്യൻ കെ ടി ഇർഫാൻ എട്ടാമതായി. വനിതകളിൽ രാജസ്ഥാന്റെ ഭാവ്ന ജാട്ടിന് മീറ്റ് റെക്കോഡോടെയാണ് സ്വർണം.
ആദ്യദിനം കേരളത്തിന് മെഡലില്ല. ഇന്ന് നടക്കുന്ന 800 മീറ്റർ ഫൈനലിൽ പി മുഹമ്മദ് അഫ്സലും ജെ റിജോയിയുമുണ്ട്. 400 മീറ്ററിൽ മുഹമ്മദ് അനസ് യഹിയ, വി മുഹമ്മദ് അജ്മൽ, രാഹുൽ ബേബി, ജിസ്ന മാത്യു, വി കെ വിസ്മയ എന്നിവർ സെമിയിലേക്ക് മുന്നേറി. 100 മീറ്ററിൽ മെയ്മോൻ പൗലോസും പി ഡി അഞ്ജലിയും സെമിയിലെത്തി. വനിതകളുടെ ട്രിപ്പിൾജമ്പിൽ നയന ജയിംസ്, എൻ വി ഷീന, ഗായത്രി ശിവകുമാർ എന്നിവർ മെഡലിനായി ഇറങ്ങും. 1500 മീറ്ററിൽ പി യു ചിത്രയുണ്ട്.
വേഗക്കാരെ ഇന്നറിയാം
മീറ്റിലെ വേഗക്കാരെ നിശ്ചയിക്കുന്ന 100 മീറ്റർ അടക്കം 14 ഇനങ്ങളിൽ ഇന്ന് ഫൈനൽ നടക്കും. വനിതകളിൽ മെഡൽ പ്രതീക്ഷിക്കുന്ന ജ്യോതി യാരാജി (ആന്ധ്ര), ഹിമാൻശ്രീ റോയ് (ഹരിയാന), ശ്രാബണി നന്ദ (ഒഡിഷ) എന്നിവർ സെമിയിലെത്തി. ഇരുവിഭാഗത്തിലും 400 മീറ്റർ ഫൈനൽ ഇന്നാണ്. വനിതകളുടെ 1500 മീറ്ററിലും ട്രിപ്പിൾജമ്പിലും പുരുഷന്മാരുടെ 800 മീറ്ററിലും മെഡൽ ജേതാക്കളെ അറിയാം. ഡിസ്കസ്ത്രോയിൽ ഇരുവിഭാഗം ഫൈനലുമുണ്ട്. 4×400 മിക്സഡ് റിലേ ഫൈനലും നടക്കും. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഉത്തർപ്രദേശിന്റെ പാരുൾ ചൗധരി സ്വർണം ലക്ഷ്യമിട്ടിറങ്ങും.