ദുബായ് > ജൂൺ 15 മുതൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ തുറസ്സായ സ്ഥലങ്ങളിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ജോലി ചെയ്യുന്നത് നിർത്തിവയ്ക്കുമെന്ന് യുഎഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) പ്രഖ്യാപിച്ചു.
2023 സെപ്റ്റംബർ 15 വരെ മൂന്ന് മാസത്തേക്ക് തുറസ്സായ സ്ഥലത്തു ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള ഈ ഉച്ചവിശ്രമം നിലനിൽക്കും. തൊഴിൽപരമായ അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയും ജോലി സംബന്ധമായ പരിക്കുകൾ അല്ലെങ്കിൽ അസുഖങ്ങൾ എന്നിവ തടയുകയും ചെയ്യുന്ന, മതിയായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാൻ ലക്ഷ്യമിടുന്ന ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി, ലേബർ അക്കമഡേഷൻ 2022 ലെ മന്ത്രിതല പ്രമേയം (44) പ്രകാരമാണ് ഉച്ച വിശ്രമം നൽകുന്നതെന്ന് MoHRE പറഞ്ഞു.
തുടർച്ചയായ 19-ാം വർഷവും മദ്ധ്യാഹ്ന ഇടവേള നിയമം നടപ്പിലാക്കുകയാണ് യുഎഇ. വേനൽക്കാലത്ത് ഉയർന്ന താപനിലയുടെ ഫലമായുണ്ടാകുന്ന പരിക്കിന്റെ അപകടസാധ്യതകളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമാണ് മദ്ധ്യാഹ്ന ഇടവേള നിയമം. നിരോധനത്തിന്റെ മാസങ്ങളിൽ രാവിലെയും വൈകുന്നേരവും ഷിഫ്റ്റുകളിൽ ദിവസേനയുള്ള ജോലി സമയം എട്ട് മണിക്കൂറിൽ കൂടുവാൻ പാടാനുള്ളതല്ല. ഒരു ജീവനക്കാരനെ 24 മണിക്കൂർ കാലയളവിൽ എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കുകയാണെങ്കിൽ അധിക സമയം കണക്കാക്കുകയും തൊഴിൽ ബന്ധനിയമത്തിന്റെ നിയന്ത്രണത്തെ അടിസ്ഥാനമാക്കി ജീവനക്കാരന് അധിക വേതനത്തിന് അർഹത ഉണ്ടായിരിക്കുകയും ചെയ്യും.
തൊഴിലുടമകൾ മധ്യാഹ്ന ഇടവേളയിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള സ്ഥലവും നൽകേണ്ടതുണ്ട്. നിരോധനത്തിന്റെ വ്യവസ്ഥകളും നിയന്ത്രണവും പാലിക്കാത്ത തൊഴിലുടമകളിൽ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ചുമത്തുമെന്നും അറിയിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ച് ഒന്നിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന സാഹചര്യത്തിൽ പരമാവധി 50,000 ദിർഹം പിഴ ചുമത്തും.