ന്യൂഡൽഹി
ഗാന്ധി വധത്തെതുടർന്ന് ആർഎസ്എസിന് ഏർപ്പെടുത്തിയ വിലക്കും ഗുജറാത്ത് വംശഹത്യയുമെല്ലാം നീക്കം ചെയ്ത് രഷ്ട്ര മീമാംസ പാഠപുസ്തകത്തിൽ എൻസിഇആർടി വരുത്തിയ ഭേദഗതികളിൽ പ്രതിഷേധിച്ച് കൂടുതൽ അക്കാദമിക് പണ്ഡിതർ രംഗത്ത്. തിരുത്തലുകളിൽ പ്രതിഷേധിച്ച് പാഠപുസ്തകങ്ങൾ തയ്യാറാക്കിയ സമിതിയിലെ 33 പേർ എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനിക്ക് കത്തയച്ചു. പുസ്തകങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സമിതി അംഗങ്ങളുടെ പട്ടികയിൽനിന്ന് തങ്ങളുടെ പേര് നീക്കം ചെയ്യാനും ആവശ്യപ്പെട്ടു.
ജെഎൻയു അധ്യാപിക നിവേദിത മേനോൻ, ഡൽഹി സർവകലാശാല അധ്യാപിക രാധിക മേനോൻ, കേരളത്തിൽനിന്നുള്ള ഗവേഷകനായ അലക്സ് എം ജോർജ്, കാന്തിപ്രസാദ് വാജ്പേയ്, ഭാനുപ്രതാപ് മെഹ്ത, മാലിനി ഘോഷ്, ഷെവാലി ഝാ, ദ്വൈപായൻ ഭട്ടാചാര്യ തുടങ്ങിയവർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. നേരത്തേ യോഗേന്ദ്ര യാദവും സുഹാസ് പാൽസികറും പുസ്തകം തയ്യാറാക്കിയവരുടെ പട്ടികയിൽനിന്ന് തങ്ങളുടെ പേര് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു.
വ്യത്യസ്ത കാഴ്ചപ്പാടുകളും ആശയനിലപാടുകളും ഉള്ളവരാണ് തങ്ങളെല്ലാം. ഏകാഭിപ്രായത്തിലാണ് പുസ്തകങ്ങൾ തയ്യാറാക്കിയത്. എന്നാൽ, പുസ്തകങ്ങൾ തയ്യാറാക്കിയവരുമായി ഒരു കൂടിയാലോചനയും കൂടാതെയാണ് മാറ്റം വരുത്തിയതെന്നും അക്കാദമിക് പണ്ഡിതർ കത്തിൽ പറഞ്ഞു.