ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി യുഎസ് നിർമിത പ്രിഡേറ്റർ (എംക്യൂ9 റീപ്പർ) ഡ്രോണുകൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധമന്ത്രാലയം. 31 ആളില്ലാ ഡ്രോണുകൾ വാങ്ങാനുള്ള 22,000 കോടി രൂപയുടെ കരാറിന് വ്യാഴാഴ്ച ചേർന്ന പ്രതിരോധ സംഭരണ കൗൺസിൽ അംഗീകാരം നൽകി. വൈകാതെ ക്യാബിനറ്റിന്റെ സുരക്ഷാ സമിതി അന്തിമ അംഗീകാരം നൽകും. ശത്രുവിന്റെ റഡാറിൽ പെടാതെ കൂടുതൽ ഉയരത്തിൽ മിസൈലുകൾ വഹിച്ച് പറക്കുന്നതിനൊപ്പം കൃത്യമായി ലക്ഷ്യം ഭേദിക്കാൻ ശേഷിയുള്ളതെന്ന് അമേരിക്ക അവകാശപ്പെടുന്ന ഡ്രോണാണ് എംക്യു9 റീപ്പർ.
പതിനഞ്ച് ഡ്രോൺ നാവികസേനയ്ക്ക് കൈമാറും. സമുദ്രനിരീക്ഷണത്തിന് ഇത്തരം ഡ്രോൺ ഉപകാരപ്പെടുമെന്നാണ് പ്രതിരോധമന്ത്രാലയം കരുതുന്നത്. എട്ടുവീതം ഡ്രോണുകൾ വായുസേനയ്ക്കും കരസേനയ്ക്കും കൈമാറും.
എന്നാൽ, കഴിഞ്ഞ മാർച്ച് 14ന് എംക്യൂ9 റീപ്പർ ഡ്രോൺ റഷ്യ കരിങ്കടലിൽ വീഴ്ത്തിയിരുന്നു. ഉക്രയ്നെ സഹായിക്കാനുള്ള നിരീക്ഷണപ്പറക്കലിനിടെ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് റഷ്യയുടെ എസ്യു–-27 യുദ്ധവിമാനം ഡ്രോണിന്റെ പ്രൊപ്പല്ലറുകൾക്ക് മുകളിലേക്ക് ഇന്ധനം തളിച്ചതോടെ കടലിൽ പതിക്കുകയായിരുന്നു. ഒരു വെടിയുണ്ടപോലും ഉതിർക്കാതെ റഷ്യ നിസ്സാരമായി ഡ്രോൺ വീഴ്ത്തിയത് അമേരിക്കയ്ക്ക് അന്താരാഷ്ട്രതലത്തിൽ വലിയ നാണക്കേടുണ്ടാക്കിയിരുന്നു.