ലണ്ടന് > ഖലിസ്ഥാന് വിഘടനവാദ സംഘടനയായ ഖലിസ്ഥാന് ലിബറേഷന് ഫോഴ്സിന്റെ നേതാവ് അവതാര് സിങ് ഖണ്ഡ ലണ്ടനിൽ മരിച്ചു. ബര്മിങ് ഹാം ആശുപത്രിയില് പുലര്ച്ചെയായിരുന്നു അന്ത്യം. യുകെയിലെ ഇന്ത്യൻ ഹൈകമീഷൻ ആസ്ഥാനം ആക്രമിച്ച കേസിലെ പ്രധാന പ്രതിയായിരുന്നു ഖണ്ഡ. മരണകാരണം വ്യക്തമല്ല. രക്താര്ബുദത്തിന് ചികിത്സയിലായിരുന്നു. കാൻസറിനെത്തുടർന്ന് രക്തം കട്ടപിടിച്ചുണ്ടായ വിഷബാധയാണ് മരണകാരണമെന്ന് റിപ്പോര്ട്ടുകളുണ്ട്.
പ്രമുഖ ഖലിസ്ഥാന് നേതാവ് അമൃത്പാല് സിങ്ങിന്റെ അടുത്ത അനുയായിയാണ് അവതാര് ഖണ്ഡ. സിഖ് യുവാക്കള്ക്കിടയില് തീവ്രവാദ ആശയം പ്രചരിപ്പിച്ചിരുന്ന ഇയാളുടെ യഥാർഥ പേര് രഞ്ജോധ് സിങ് എന്നാണ്. ഖണ്ഡയുടെ പിതാവും ഖലിസ്ഥാന് ലിബറേഷന് ഫോഴ്സ് പ്രവര്ത്തകനായിരുന്നു. ഇയാളെ 1991ൽ ഇന്ത്യന് സുരക്ഷാ സേന വെടിവെച്ചു കൊല്ലുകയായിരുന്നു.
മാർച്ച് 19നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിനു നേരെ നടന്ന ആക്രമണം നടന്നത്. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ഖണ്ഡയാണെന്ന് കണ്ടെത്തിയിരുന്നു. ഖണ്ഡ രക്തസാക്ഷിയാണെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് കൊലപാതകത്തിന് പിന്നിലെന്നും ഖലിസ്ഥാന് ലിബറേഷന് ഫോഴ്സ് അനുയായികൾ ആരോപിച്ചു.















