ന്യൂഡൽഹി
കർഷകസമര ഘട്ടത്തിലും മറ്റും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായെന്ന ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തലോടെ മോദി ഭരണത്തിലെ ജനാധിപത്യധ്വംസനം അന്തർദേശീയതലത്തില് ചർച്ചയായി. മോദിയുടെ യുഎസ് പര്യടനത്തിന് തൊട്ടുമുമ്പായുള്ള വെളിപ്പെടുത്തലിനെരെ രൂക്ഷമായാണ് സർക്കാരും ബിജെപി നേതാക്കളും പ്രതികരിച്ചത്.
കർഷകസമരത്തിന്റെ ഘട്ടത്തിൽ ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കും, ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യും, ട്വിറ്റർ ഓഫീസുകൾ പൂട്ടിക്കും തുടങ്ങിയ ഭീഷണികൾ സർക്കാരിൽനിന്ന് നേരിട്ടെന്നാണ് ഡോർസിയുടെ വെളിപ്പെടുത്തൽ. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര പാളിച്ച വന്ന ഘട്ടത്തിലും ട്വിറ്റർ ഭീഷണി നേരിട്ടു. മുൻ സിഇഒയുടെ വെളിപ്പെടുത്തൽ നുണയാണെന്നും ജാക്ക് ഡോർസിയുടെ ഘട്ടത്തിൽ ട്വിറ്റർ നിയമലംഘനങ്ങൾ നടത്തിയെന്നും ഇന്ത്യൻ നിയമങ്ങൾ പാലിച്ചില്ലെന്നും ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2020–-22 കാലയളവിൽ ട്വിറ്റർ നിയമലംഘനങ്ങൾ നടത്തിയെന്ന് ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ പറഞ്ഞു. ഡോർസി പദവിയൊഴിഞ്ഞ് ടെസ്ല ഉടമ എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തശേഷം നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന സൂചനയും മാളവ്യയുടെ വാക്കുകളിലുണ്ട്.















