സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുന്നു. വിവിധ ജില്ലകളിലായി നിരവധി പേർക്ക് തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റു.
തൃശൂർ > തൃശൂരിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കുന്നംകുളത്താണ് സംഭവം. പരിക്കേറ്റവരെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വയോധികനും വിദ്യാർഥിക്കുമാണ് പരിക്കേറ്റത്.
ചിയ്യാരത്തെ ജെറി യാസിന്റെ മകൻ എൻ ഫിനോയ്ക്കാണ്(16) പരുക്കേറ്റത്. ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെയാണ് ഫിനോയെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത്. നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിടെ ഫിനോയുടെ സൈക്കിൾ വൈദ്യുതിപോസ്റ്റിൽ ഇടിക്കുകയായിരുന്നു. വീഴ്ചയിൽ കുട്ടിയുടെ മൂന്ന് പല്ലുകൾ പോവുകയും മുഖത്ത് മുറിവേൽക്കുകയും ചെയ്തു.വിദ്യാർത്ഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി തുടർ ചികിത്സ നൽകി വരികയാണ്.
പത്തനംതിട്ട ജില്ലയിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
നിലമ്പൂർ ഏനാന്തിയിൽ സ്കൂൾ വിട്ടു മടങ്ങുകയായിരുന്ന എൽകെജി വിദ്യാർഥിയെ തെരുവുനായ്ക്കൾ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ നാലര വയസ്സുകാരനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ തെരുവ് നായ്ക്കളുടെ അക്രമത്തിൽ നിന്നും കുരുന്ന് തലനാരിഴക്ക് രക്ഷപെട്ടു . മട്ടന്നൂർ നീർവേലിയിലായിരുന്നു സംഭവം.മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിന് നേരെ തെരുവുനായ്ക്കൾ പാഞ്ഞടുക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് കുഞ്ഞിനെ രക്ഷിച്ചത്.















