ദമ്മാം > ദമ്മാമിൽ ഉണ്ടായ കാറപകടത്തിൽ ദമ്മാം ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥി ഹസ്സൻ, 9ാം ക്ലാസ് വിദ്യാർഥി ഇബ്രാഹിം എന്നിവർ മരിച്ചു. ദമ്മാം സെൻട്രൽ ഹോസ്പിറ്റലിന് സമീപം ചൊവ്വാഴ്ച വൈകീട്ട് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി തകരുകയായിരുന്നു.
ഇവർ ഇരുവരും ഹൈദരാബാദ് സ്വദേശികളാണ്. ഇവരുടെ കൂടെ സഞ്ചരിച്ച 8ാം ക്ലാസ്സ് വിദ്യാർഥി അമ്മാറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ഇന്ത്യൻ സ്കൂൾ അനുശോചനം അറിയിക്കുകയും ബുധനാഴ്ച അവധി നൽകുകയും ചെയ്തു.















