തിരുവനന്തപുരം
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരായ ഗൂഢാലോചനയിൽ നിർണായക തെളിവുകൾ പൊലീസ് ശേഖരിച്ചു. പരീക്ഷാഫലം പ്രസിദ്ധീകരിക്കുംമുമ്പേ ആർഷോയുടെ പേര് പട്ടികയിൽ തെറ്റായി കടന്നുകൂടിയ വിവരം അധ്യാപകർ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവഗണിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസ് ശേഖരിച്ചു. കോളേജിലെ അധ്യാപകരിൽ ചിലരും കെഎസ്യു നേതാവും മാധ്യമപ്രവർത്തകയും തമ്മിൽ നിരവധി തവണ സമ്പർക്കം പുലർത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഗൂഢാലോചനയിൽ പങ്കുള്ള അധ്യാപകരും കെഎസ്യു ഉന്നത നേതാവും തമ്മിലാണ് പ്രധാനമായും ചർച്ചകൾ നടന്നത്. ഇവർ തമ്മിൽ നടത്തിയ ഗൂഢാലോചനയിൽ തയ്യാറാക്കിയ തിരക്കഥ പുറത്തു വിടാനാണ് മാധ്യമപ്രവർത്തകയെ ഉപയോഗപ്പെടുത്തിയത്. വാർത്തയുടെ തത്സമയ സംപ്രേഷണത്തിനിടെ കെഎസ്യു നേതാവ് ആരോപണവുമായി എത്തിയത് ഗൂഢാലോചനയുടെ ഫലമായാണ്. ഇക്കാര്യങ്ങളിൽ സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ അന്വേഷക സംഘത്തിന് കിട്ടിയിട്ടുണ്ട്.
വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുംമുമ്പ് അധ്യാപകർ പരീക്ഷാഫലം നേരിട്ട് പരിശോധിക്കുന്ന പതിവുണ്ട്. ഈ പരിശോധനയിലാണ് പരീക്ഷയ്ക്ക് അപേക്ഷ നൽകാത്ത ആർഷോയുടെ പേരും മറ്റ് വിവരങ്ങളുമുണ്ടെന്ന് കണ്ടെത്തിയത്. ഈ വിവരം ചുമതലയിലുണ്ടായിരുന്ന അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. രോഖാമൂലം ചൂണ്ടിക്കാട്ടിയ ഈ പിഴവ് അവഗണിച്ചാണ് ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. എസ്എഫ്ഐയെയും സംസ്ഥാന സെക്രട്ടറിയായ ആർഷോയെയും കരിവാരി തേയ്ക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
കോളേജിലെ ഒരു ഉന്നതനും ഇതിൽ പങ്കുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി ബന്ധപ്പെട്ട അധ്യാപകരുടെ മൊഴിയെടുക്കും. കെഎസ്യു ഉന്നത നേതാവും ഗൂഢാലോചനയിൽ പങ്കാളികളായ അധ്യാപകരും പലതവണ ഒരുമിച്ചെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു. ഇക്കാര്യങ്ങൾ വിലയിരുത്തിയാകും തുടർന്നുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോകുക.
സമാന മാർക്ക്ലിസ്റ്റ് മറച്ചു
വ്യാജനെ കൂടെച്ചേർത്തു
എറണാകുളം മഹാരാജാസിലെ മാർക്ക്ലിസ്റ്റ് വിവാദം വ്യാജസർട്ടിഫിക്കറ്റ് കേസുമായി കൂട്ടിയോജിപ്പിച്ച് എസ്എഫ്ഐയെ അപകീർത്തിപ്പെടുത്താൻ ആസൂത്രണം ചെയ്തതാണെന്നതിന് തെളിവുകൾ ഏറെ. വസ്തുതകൾ മറച്ചുവച്ചും എസ്എഫ്ഐയുമായി ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളുമായി കൂട്ടിച്ചേർത്തും കെഎസ്യു– -കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ചും പ്രിൻസിപ്പലിന്റെ മുറിയിൽവച്ച് ‘ബ്രേക്കിങ് ’ സൃഷ്ടിക്കുകയായിരുന്നു. മെയ് 12ന് അന്തിമ മാർക്ക്ലിസ്റ്റ് എൻഐസി വെബ്സൈറ്റിൽ വന്നപ്പോൾ ആർഷോയുടെ മാർക്ക്ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചതുപോലെ മറ്റൊരു വിദ്യാർഥിയുടേതുമുണ്ടായിരുന്നു. മാർക്കിന്റെ സ്ഥാനത്ത് പൂജ്യവും ഫലത്തിന്റെ കോളത്തിൽ വിജയിച്ചെന്നും രേഖപ്പെടുത്തിയിരുന്നു. മുമ്പും എൻഐസിക്ക് ഇത്തരം പിഴവുകളുണ്ടായിട്ടുണ്ട്. എന്നാൽ, ഏഷ്യാനെറ്റ് റിപ്പോർട്ടർ ഇക്കാര്യം മറച്ചുവച്ചു. ആർഷോയുടെമാത്രം മാർക്ക്ലിസ്റ്റ് റിപ്പോർട്ട് ചെയ്തു. സാങ്കേതിക പിഴവാണോ മറ്റെന്തെങ്കിലും കാരണമാണോയെന്നും അന്വേഷിച്ചില്ല. നിജസ്ഥിതിയോ ഔദ്യോഗിക പ്രതികരണമോ തേടിയില്ല.
മെയ് 12ന് വെബ്സൈറ്റിൽ ഫലം വന്നതിനെത്തുടർന്ന് പിഴവ് ചൂണ്ടിക്കാണിച്ച് കോളേജ് വാട്സാപ് ഗ്രൂപ്പിൽ ഈ രണ്ടു മാർക്ക്ലിസ്റ്റും ഒരു അധ്യാപകൻ ഇട്ടിരുന്നു. കോൺഗ്രസുകാരനായ അധ്യാപകൻ വഴിയാണ് ലേഖികയെ അറിയിക്കുന്നതും തുടർന്ന് കോൺഗ്രസ് കേന്ദ്രങ്ങളുടെകൂടി ഉപദേശപ്രകാരം വാർത്ത ഫ്രെയിം ചെയ്യുന്നതും. സാങ്കേതിക പിഴവിന്റെ ഫലമായുള്ള ഒരു മാർക്ക്ലിസ്റ്റിന്റെ ബലത്തിൽമാത്രം എസ്എഫ്ഐ നേതാവിനെതിരെ വാർത്ത കൊടുത്താൽ ഏൽക്കില്ലെന്നു കണ്ട് വിദ്യയുടെ വ്യാജരേഖ സംഭവംകൂടി കൂട്ടിച്ചേർക്കാനായി ദിവസങ്ങളോളം കാക്കുകയായിരുന്നു. മാർക്ക്ലിസ്റ്റിലെ പിഴവ് വാർത്തയാക്കാനാണെങ്കിൽ കൈയിൽ കിട്ടിയ അന്നുതന്നെ കൊടുക്കാമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസിൽനിന്ന് തയ്യാറാക്കി കൊടുക്കുന്ന വാർത്തകൾ അതേപടി ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെ പല ചാനലുകളിൽ വന്നത് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടിയപ്പോൾ അതിനെ പ്രതിരോധിച്ച് രംഗത്തുവന്നതും ഇതേ ലേഖികയാണ്.