തിരുവനന്തപുരം
പണപ്പിരിവും പണാപഹരണക്കേസും പുനഃസംഘടനയെച്ചൊല്ലിയുള്ള തമ്മിലടിയും മൂക്കുന്നതിനിടെ കോൺഗ്രസിനെ വെള്ളപൂശാൻ വ്യാജവാർത്തകളുമായി മനോരമ. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരെ തട്ടിപ്പ്, പണാപഹരണക്കേസുകൾ എടുക്കുകയും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലി നേതാക്കൾ പരസ്പരം വാളോങ്ങിനിൽക്കുകയും ചെയ്യുന്നതിനിടെയാണ് സിപിഐ എമ്മിനെതിരെ മനോരമ വ്യാജവാർത്തകൾ ചമയ്ക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എതിരായ വാർത്തകൾ.
പറയാത്ത കാര്യങ്ങൾ എം വി ഗോവിന്ദന്റെ പേരിലാക്കി, ഇടതുപക്ഷത്തോട് അടുത്തുനിൽക്കുന്നവരെയടക്കം തെറ്റിദ്ധരിപ്പിക്കുകയാണ് മനോരമ. ‘സർക്കാരിനും എസ്എഫ്ഐക്കും എതിരെ വാർത്ത നൽകിയാൽ മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കും’ എന്ന് അദ്ദേഹം പറഞ്ഞെന്നായിരുന്നു തിങ്കളാഴ്ചത്തെ ഒന്നാം പേജ് വാർത്ത. അതിന്റെ തുടർച്ചയാണ് ചൊവ്വാഴ്ചത്തെ മുഖപ്രസംഗം അടക്കമുള്ള എഡിറ്റോറിയൽ പേജ്. എം വി ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കുന്ന പൂർണ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോഴുമുണ്ട്. മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കുമെന്ന് അദ്ദേഹം പറയുന്നില്ല. അന്നേദിവസം ഏഷ്യാനെറ്റ് ന്യൂസ് നൽകിയ പോസ്റ്ററിലെ വാക്കുകളാണ് എം വി ഗോവിന്ദന്റേത് എന്നനിലയിൽ മനോരമ വാർത്തയാക്കിയതും തുടർന്ന് അഭിപ്രായം ‘തേടി’യതും.
തെറ്റായ വാർത്ത സൃഷ്ടിച്ചതിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർഷോ നൽകിയ പരാതിയിൽ ഏഷ്യാനെറ്റ് ലേഖിക അടക്കമുള്ളവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് ‘ഗൂഢാലോചനയ്ക്ക് പിന്നിൽ ആരൊക്കെയുണ്ടോ അവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മാധ്യമത്തിന്റെ പേരുപറഞ്ഞ് ആർക്കും ഒഴിവാകാനാകില്ല’ എന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. ഇതിനെയാണ് മനോരമ വളച്ചൊടിച്ച് ഭീഷണിപ്പെടുത്തിയെന്നാക്കിയത്.
‘എസ്എഫ്ഐ വീണ്ടും വിവാദക്കുരുക്കിൽ, എന്തും നടക്കും’ എന്നായിരുന്നു ജൂൺ എഴിന്റെ മനോരമയുടെ പ്രധാന തലക്കെട്ട്. രേഖകൾ സഹിതം വസ്തുതകൾ പുറത്തുവന്നതോടെ ആ വാർത്തയും പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് എം വി ഗോവിന്ദന്റെ വാക്കുകൾ വളച്ചൊടിച്ച് തെറ്റിദ്ധാരണ സൃഷ്ടിച്ചത്.
എം വി ഗോവിന്ദൻ പറഞ്ഞത്
സംഭവത്തിൽ ആരൊക്കെ ഗൂഢാലോചന നടത്തിയിട്ടുണ്ടോ, അവരെയെല്ലാം കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യപ്പെടുകതന്നെ വേണം. മാധ്യമങ്ങളും ഇന്നലെ അതാണ് പറഞ്ഞത്. ആ നിലപാട് ഇന്നലെ സ്വീകരിച്ച മാധ്യമങ്ങൾ സർക്കാരിന് പിന്തുണ നൽകുകയാണ് വേണ്ടത്. വാർത്ത റിപ്പോർട്ട് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നുവേണം കാണേണ്ടത്. വിദ്യാർഥിയുടെ റിസൾട്ടിൽ മാർക്ക് പൂജ്യം ആണെന്ന് കണ്ടതിനുശേഷം പാസ്ഡ് എന്ന് ആക്കിയിട്ട് അതൊരു വാർത്തയാക്കി കേരളത്തിലങ്ങോളമിങ്ങോളം പ്രചരിപ്പിച്ചു. ഇത്ര വമ്പിച്ച രീതിയിലുള്ള ഗൂഢാലോചനയുടെ പിന്നിൽ ആരൊക്കെയാണോ അവരെ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കണം.
മാധ്യമത്തിന്റെ പേരുപറഞ്ഞ് ആർക്കും ഒഴിവാകാനാകില്ല. മാധ്യമത്തിന് മാധ്യമത്തിന്റേതായ സ്റ്റാൻഡുണ്ട്. അതിൽ നിൽക്കണം. സർക്കാർ വിരുദ്ധ അല്ലെങ്കിൽ എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിൻ നടത്താൻ മാധ്യമത്തിന്റെ പേരും പറഞ്ഞ് നടന്നാൽ മുമ്പും കേസിൽ ഉൾപ്പെടുന്ന നിലയുണ്ടായിട്ടുണ്ട്. ഇനിയും അങ്ങനെയാണുണ്ടാവുക.