ഓവൽ
ഒരിക്കൽക്കൂടി ഇന്ത്യൻ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തോറ്റു. ഐപിഎൽ ക്രിക്കറ്റ് കഴിഞ്ഞ്, എട്ട് ദിവസത്തിനുള്ളിലാണ് ഇന്ത്യൻ ടീം ടെസ്റ്റ് കളിക്കാൻ പോയത്. ഐപിഎൽ തളർത്തുമോ എന്നതായിരുന്നു ഫൈനലിനുമുമ്പുള്ള ചോദ്യം. ഓവലിൽ അഞ്ചാംദിനം അതിനുള്ള ഉത്തരംകിട്ടി. ഒരുതരത്തിലും പിടിച്ചുനിൽക്കാനുള്ള മാനസികസ്ഥിതി കാട്ടാത്ത ബാറ്റർമാർ. ലൈനും ലെങ്തും മറന്ന ബൗളർമാർ. 209 റൺ തോൽവിയായിരുന്നു അതിന്റെ ഫലം.
തോൽവിക്കുള്ള പല കാരണങ്ങളിലൊന്നാണ് 20 ഓവർ കളിയായ ഐപിഎൽ. ഏറ്റവും പ്രധാനവും അതുതന്നെ. മെയ് 29നാണ് ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) അവസാനിച്ചത്. എട്ട് ദിവസത്തിനുശേഷം ടെസ്റ്റ്. ഇംഗ്ലണ്ടിലെ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള സമയം ഇന്ത്യൻ കളിക്കാർക്ക് കിട്ടിയില്ല. രോഹിത് ശർമയും കൂട്ടരും ഒരു സന്നാഹമത്സരംപോലും കളിച്ചിട്ടില്ല. ട്വന്റി 20യുടെ രീതിയിൽനിന്ന് ടെസ്റ്റ് ക്രിക്കറ്റിന്റെ ക്ഷമയിലേക്ക് എത്തിപ്പെടാനായില്ല. ഐപിഎല്ലിൽ നാലോവർ എറിയാൻ ലൈനും ലെങ്തും പാകപ്പെടുത്തിയ ബൗളർമാർക്ക് ടെസ്റ്റിലേക്ക് എത്തുമ്പോൾ മാറാനായില്ല. മറുവശത്ത് ഓസീസ് ടീമിലെ പല കളിക്കാരും ടെസ്റ്റ് ഫൈനലിനുവേണ്ടി ഐപിഎൽ മാറ്റിവച്ചു. അതിനുള്ള ഫലം അവർക്ക് കിട്ടുകയും ചെയ്തു. മിച്ചെൽ സ്റ്റാർക്കും പാറ്റ് കമ്മിൻസുമൊക്കെ ഐപിഎൽ വേണ്ടെന്നുവച്ചാണ് ടെസ്റ്റിനുള്ള ഒരുക്കം നടത്തിയത്. മത്സരത്തിനിടെ ഇന്ത്യൻ ബാറ്റർമാരുടെ ഷോട്ട് തെരഞ്ഞെടുപ്പിനെ വിമർശിച്ചത് മുൻ പരിശീലകൻ രവി ശാസ്ത്രിയാണ്. പ്രത്യേകിച്ചും രണ്ടാം ഇന്നിങ്സിൽ രോഹിത് ശർമയും ചേതേശ്വർ പൂജാരയും വിരാട് കോഹ്ലിയും പുറത്തായ രീതി. ഐപിഎൽ കഴിഞ്ഞ് ടെസ്റ്റ് ഫൈനൽ നടക്കുന്ന സാഹചര്യത്തിൽ ബിസിസിഐ ഫ്രാഞ്ചൈസികളുമായി ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനമുണ്ടാക്കേണ്ടതായിരുന്നു എന്നും ശാസ്ത്രി പറഞ്ഞു.
എന്തുകൊണ്ട് ജൂണിൽത്തന്നെ ഫൈനൽവച്ചു എന്നായിരുന്നു ക്യാപ്റ്റൻ രോഹിതിന്റെ പ്രതികരണം. മാർച്ചിൽ വച്ചാൽ എന്താണ് പ്രശ്നമെന്നും രോഹിത് ചോദിച്ചു. എന്നാൽ, ഐസിസിയും ബിസിസിഐയും ചേർന്ന് എടുത്ത തീരുമാനമാണ് ജൂണിൽ നടത്തുകയെന്നത്. രണ്ട് വർഷം കൂടുമ്പോഴാണ് ഫൈനൽ.
നിലവിൽ ഇന്ത്യ ടീമിലെ പല പ്രധാന കളിക്കാർ അവരുടെ നല്ല കാലം പിന്നിട്ടു. രോഹിത്, കോഹ്ലി, പൂജാര, രഹാനെ എന്നിവർ അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിൽ പുതിയൊരു നിരയെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പരീക്ഷിക്കേണ്ടതാണ്. അത്തരമൊരു നീക്കം ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ടെസ്റ്റ് ടീമിലേക്കുള്ള മുൻഗണന ഐപിഎൽ കളിക്കാർക്കാക്കി മാറ്റുകയും ചെയ്യുന്നുവെന്ന് മുൻ താരങ്ങൾ ഉൾപ്പെടെ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ രണ്ട് സീസണുകളിലായി രഞ്ജി ട്രോഫിയിൽ മികച്ച കളി പുറത്തെടുക്കുന്ന സർഫ്രാസ് ഖാനെ ടെസ്റ്റിലേക്ക് പരിഗണിക്കുന്നില്ല. ശ്രേയസ് അയ്യർക്ക് പരിക്കേറ്റപ്പോൾ ട്വന്റി 20യിലെ സൂര്യകുമാർ യാദവിനാണ് അവസരം കിട്ടിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള പകരക്കാരുടെ പട്ടികയിൽ സൂര്യകുമാറിനൊപ്പം ഐപിഐല്ലിലെ മറ്റൊരു റണ്ണടിക്കാരൻ യശസ്വി ജയ്സ്വാളായിരുന്നു. അതിനുമുമ്പ് ഋതുരാജ് ഗെയ്ക്ക്വാദിനായിരുന്നു സ്ഥാനം. സർഫ്രാസ്, ധ്രുവ് ഷിറോയ്, പ്രശാന്ത് ചോപ്ര എന്നീ ബാറ്റർമാർ അവസരം കാത്തുനിൽക്കുന്നു. ഷംസ് മുളാനിയെപ്പോലൊരു ഓൾറൗണ്ടർമാരും പരിഗണിക്കപ്പടുന്നില്ല.
ഐപിഎല്ലിലൂടെ റെക്കോഡ് വരുമാനമാണ് ബിസിസിഐക്ക് കിട്ടുന്നത്. അതേസമയം, കഴിഞ്ഞ 10 വർഷമായി ഒരു ഐസിസി കിരീടവും ഇന്ത്യക്ക് കിട്ടിയില്ല എന്നതും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്.