പയ്യന്നൂർ
കാറ്റാടി മരങ്ങൾക്കിടയിലെ ആ മഞ്ഞക്കൊട്ടാരത്തിന്റെ വരാന്തയിലേക്ക് നടന്നെത്തിയിട്ടു വർഷം മുപ്പത് ആകുന്നു. പയ്യന്നൂർ കോളേജിലെ 1993-95 പ്രീ-ഡിഗ്രീ ബി ബാച്ച്. മറ്റേതൊരു കോളേജ് ക്ലാസിലെയും പോലെ സ്നേഹിച്ചും കലഹിച്ചും ഒക്കെ 2 വർഷം. പിന്നെ പലവഴിക്ക് പിരിഞ്ഞു. ചിലരൊക്കെ തമ്മിൽ സൗഹൃദം തുടർന്നു. കലാലയത്തിന്റെ പടികളിറങ്ങിയതോടെ സൗഹൃദം പയ്യന്നൂർ കോളേജിന്റെ വരാന്തയിലെ നനുത്ത കാറ്റിനെ ഏൽപ്പിച്ചു മടങ്ങി ഭൂരിഭാഗം പേരും. പിന്നെ നീണ്ട 24 വർഷങ്ങൾക്കു ശേഷം 2017ൽ ബി ബാച്ചിനായി ഒരു വാട്സാപ്പ് ഗ്രൂപ്പ് നിലവിൽ വരുന്നു. വാട്സാപ്പ് ഗ്രൂപ്പുകളുടെ ധാരാളിത്തത്തിന്റെ കാലത്ത് പുതിയ ഒരെണ്ണം കൂടി. ആദ്യമൊക്കെ അത്രയേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ക്രമേണ ആ അടുപ്പം കൂടി. തമ്മിലുള്ള കൂടിക്കാഴ്ച്ചകളും. പണ്ടേ ഞങ്ങളുടെ ഹൃദയം കവർന്ന പയ്യന്നൂർ കോളേജിന്റെ വരാന്തയിലേക്ക് ഞങ്ങൾ ഇടക്കിടെ തിരിച്ചെത്തിക്കൊണ്ടേയിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറിൽ നമ്മൾ വീണ്ടും പയ്യന്നൂർ കോളേജ് വരാന്തയിൽ ഒത്തു കൂടി. “ഇനി ഒരു ചായ ആകാം” എന്നും പറഞ്ഞു കാറ്റാടി മരങ്ങൾക്കിടയിലെ കോളേജ് റോഡിലൂടെ നടന്ന് ഒരു കൊച്ചു കടയിൽ എല്ലാവരും നിരന്നിരുന്നു. ചായയും പഫ്സും രുചിക്കുമ്പോൾ കോഴിക്കോട്ടുകാരി ദിവ്യയുടെ ആത്മഗതം: “നമുക്ക് ഇങ്ങനെ ഇപ്പോഴും കോളേജിൽ മാത്രം കണ്ടാൽ മതിയോ. ഒന്ന് ഹിമാലയത്തിൽ ഒക്കെ പോകണ്ടേ.” കോളേജിൽ ഗെറ്റ് ടുഗെദർ വച്ചാൽ തന്നെ പത്തു പേരൊക്കെയോ ഉണ്ടാകൂ. അപ്പോഴാ ഹിമാലയത്തിൽ! “എന്ത് നല്ല നടക്കാത്ത സ്വപ്നം”. ചായ ഗ്ലാസ്സിനോടൊപ്പം ആ ആത്മഗതവും ചായക്കടയിലെ മേശമേലേക്കു നീക്കി വച്ച് എല്ലാവരും പുറത്തേക്കിറങ്ങി. കുറച്ചു ദിവസം കഴിഞ്ഞു ഗ്രൂപ്പിൽ “എപ്പോഴാ ഹിമാലയത്തിൽ പോകുന്നത്” എന്ന് തമാശ പൊട്ടിച്ചപ്പോഴാണ് വീണ്ടും സ്വപ്നങ്ങൾ വിമാനം കേറാൻ തുടങ്ങിയത്. അങ്ങനെ ഹിമാലയം എന്ന് മാറി യാത്ര കാശ്മീർ ആക്കാം എന്ന് തീരുമാനമായി. തെയ്യങ്ങളുടെ നാട്ടിൽ നിന്ന് ഭൂമിയിലെ തന്നെ സ്വർഗ്ഗ കവാടത്തിലേക്ക് ഒരു സ്വപ്ന യാത്ര. 30 വർഷങ്ങൾക്കു ശേഷം ഒരു ക്ലാസ്സിൽ പഠിച്ച ഇരുപതോളം പേർ.
“ക്യാംപസ് ടു കശ്മീർ” അതായിരുന്നു ആ സ്വപ്ന യാത്രയുടെ ടാഗ് ലൈൻ. ഏതു സ്വപ്നവും യാഥാർഥ്യമാവണമെങ്കിൽ എല്ലാരേയും ഒരുമിപ്പിച്ച് അതിലേക്ക് നടത്തുന്ന ഒരു സംഘാടകൻ വേണം. അങ്ങനെ ഒരാൾ ഞങ്ങൾക്കിടയിൽ പണ്ടേ ഉണ്ടായിരുന്നു. ദുബായിൽ താമസിക്കുമ്പോഴും നാട്ടുകാരേക്കാൾ നാട്ടുകാരനായ രാഗേഷ്. അത് കാര്യങ്ങൾ കുറച്ച് എളുപ്പമാക്കി. പിന്നെ തയ്യാറെടുപ്പുകളുടെ 4 മാസങ്ങൾ.
ചെറുവേദനയോടെ തുടക്കം
യാത്രയുടെ തിയതി അടുത്തുവരും തോറും ആവേശം കൂടിക്കൂടി വന്നു. പക്ഷെ അതിനിടയിൽ ചില സങ്കടങ്ങളും. ഉത്സാഹക്കമ്മിറ്റിയിൽ ആദ്യവസാനം പ്രധാനി ആയിരുന്ന ചെറുപുഴക്കാരൻ രാജീവന് കോവിഡ്. അതിർത്തിയിൽ രാജ്യത്തിന് കാവലിരിക്കുന്ന നിധിൻ അവസാന നിമിഷം വരെ ശ്രമിച്ചിട്ടും ലീവ് തരപ്പെട്ടില്ല. ഒഴിവാക്കാൻ പറ്റാത്ത ചില വ്യക്തിപരമായ ആവശ്യങ്ങളുടെ പേരിൽ ഷീനക്കും മാറിനിൽക്കേണ്ടി വന്നു. പങ്കെടുക്കണം എന്ന് ഉറപ്പിച്ച 21 പേരിൽ നിന്നും 18 ആയി ചുരുങ്ങി. പക്ഷെ യാത്രയിലുടനീളം അവർ ഞങ്ങൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ഒരു വിളിയുടെ അങ്ങേത്തലക്കൽ.
ഡൽഹിയിൽ കൂടിക്കാഴ്ച, പിന്നെ മറക്കാനാകാത്ത ഒരു വിമാന യാത്ര
2017 മെയ് 10 ന് ആയിരുന്നു ഈ വാട്സാപ്പ് കൂട്ടായ്മയുടെ ആരംഭം. അതിന്റെ ആറാം വാർഷിക ദിനത്തിൽ തന്നെ പയ്യന്നൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, ഡൽഹി, ദുബായ്, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രാ അംഗങ്ങൾ 2023 മെയ് 10 ന് രാത്രി ഡൽഹിയിൽ ഒത്തുകൂടി. പങ്കെടുക്കേണ്ടവർ ഒക്കെ ഇന്ത്യക്ക് അകത്തും പുറത്തുമായി പല ഭാഗങ്ങളിൽ ആയിരുന്നു. ഭൂമിയിലെ ആ സ്വർഗ്ഗ കവാടമായ കാശ്മീരിലേക്ക് ഒരുക്കവുമായി എല്ലാവരും ഡൽഹിയിൽ എത്തി. ഒറ്റയ്ക്കും കൂട്ടായും എത്തി അവിടത്തെ കൂടിച്ചേരൽ തന്നെ ഒരു ചെറുപൂരം പോലെ. പിന്നെ നടക്കാനിരിക്കുന്ന വലിയ ആഘോഷങ്ങളുടെ ആരംഭം. കൂടെ മധുരം പകരാൻ നല്ല പഴുത്ത റംബൂട്ടാൻ പഴങ്ങൾ. കാഞ്ഞങ്ങാട്ടുള്ള സിന്ധു സ്വന്തം തോട്ടത്തിൽനിന്ന് പറിച്ചെടുത്ത് ബോക്സിലാക്കി വിമാനം കേറ്റി ഡൽഹിയിൽ എത്തിച്ചു, കൂട്ടുകാർക്കു മധുരം വിളമ്പാനായി.
ഡൽഹിയിൽനിന്നും മേയ് 11ന് രാവിലെ 7 മണിക്കുള്ള ഇൻഡിഗോ വിമാനത്തിൽ ശ്രീനഗറിലേക്ക്. ഈ വിമാനയാത്രയിൽ ധരിക്കാൻ ഞങ്ങളുടെ സൗഹൃദത്തിന്റെ മുപ്പതാം വാർഷിക ലോഗോ പതിച്ച ഒരു ടീ-ഷർട്ട് പ്രത്യേകം തയ്യാറാക്കിയിരുന്നു. 18 പേർ ഒരേ വേഷത്തിൽ കയറുമ്പോ തന്നെ വിമാനത്തിൽ ഉള്ളവരുടെ ശ്രദ്ധ ഞങ്ങളിലായി. ഒപ്പം ക്യാബിൻ ക്രൂവിന്റെ പ്രത്യേക അന്വേഷണം. അവർ വഴി വിവരം അറിഞ്ഞ ക്യാപ്ടന്റെ അനുമതിയോടെ ഞങ്ങളുടെ സൗഹൃദത്തെ കുറിച്ചും യാത്രയെക്കുറിച്ചും വിമാനത്തിൽ ഒരു പ്രത്യേക അനൗൺസ്മെന്റ്.
“We welcome 18 batch mates from Payyannur College pre-degree B Batch 1993-95. They are having their 30th year of togetherness and traveling to Srinagar. We wish you a happy journey and stay in Srinagar. Thank you! “
ഇൻഡിഗോ എയർലൈൻസ് പതിനാറാം പിറന്നാൾ ആഘോഷിക്കുന്നതുകൊണ്ട് സീറ്റിൽ അതിന്റെ സന്ദേശങ്ങൾ. ഈ യാത്രയിൽ ഞങ്ങളും മനസുകൊണ്ട് പതിനാറാം വയസിലേക്ക്. ഞങ്ങൾ എല്ലാം കണ്ടുമുട്ടിയ പ്രീ ഡിഗ്രി കാലത്തിലേക്ക്. വിമാനം ശ്രീനഗറിലേക്ക് അടുക്കുംതോറും മഞ്ഞുമൂടിയ മലനിരകളുടെ ആകാശദൃശ്യം മനസ്സിൽ എന്നും തങ്ങിനിൽക്കുന്നതാണ്.
പഹൽഗാമിലേക്ക്.
ശ്രീനഗറിൽ എത്തുമ്പോൾ ഞങ്ങൾക്ക് പോകാനുള്ള ബസ് തയ്യാറായി നിൽക്കുന്നു. യാത്ര മുഴുവൻ വിശദമായി പ്ലാൻ ചെയ്യാനും അതിനനുസരിച്ച് എല്ലാം മുൻകൂട്ടി ബുക്ക് ചെയ്യാനും ഡൽഹിയിൽ പാർലമെന്റിൽ ജോലി ചെയ്യുന്ന സജിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ യാത്രയിലുടനീളം സഹായിച്ചു. ആദ്യദിവസത്തെ സന്ദർശന പരിപാടികൾ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ ആയിരുന്നു. അങ്ങോട്ടുള്ള യാത്രക്കിടെ വഴിയിൽകണ്ട നല്ല ഒരു റസ്റ്റോറന്റിൽ കയറി. റൊട്ടിയും പനീർ കറിയും ഒക്കെയായി രുചികരമായ ഭക്ഷണം. ഖാവ (kahwa) എന്നറിയപ്പെടുന്ന കാശ്മീരി ചായയാണ് ഹൈലൈറ്റ്. സുഗന്ധദ്രവ്യങ്ങളും ഡ്രൈ ഫ്രൂട്ടുകളും ഒക്കെ ഇട്ട് തയ്യാറാക്കുന്ന ഈ ചായ പലതരം രുചികളിൽ കിട്ടും. പിന്നീടുള്ള ദിവസങ്ങളിൽ കാശ്മീരിൽ എല്ലായിടത്തും ഞങ്ങൾ ഇത് കുടിച്ചു. വഴിയിൽ ഝലം നദിക്കരയിൽ ഇത്തിരി നേരം. പഹൽഗാമിൽ നിന്ന് കുതിരപ്പുറത്തുകയറി ബൈസാരൻ താഴ്വരയിലേക്ക്. അതിസുന്ദരമായ ഈ താഴ്വര മിനി സ്വിറ്റ്സർലൻഡ് എന്ന് പ്രശസ്തമാണ്.
യാത്രയിലുടനീളം എത്തുന്ന സ്ഥലങ്ങളിലെ കാഴ്ചകളേക്കാൾ സുന്ദരം അതിനിടയിലെ കൊച്ചുവാർത്തമാനങ്ങളും കളിചിരികളും ആയിരുന്നു. പഴയ ഓർമകളും പിന്നെയുള്ള ജീവിതയാത്രകളും ഒക്കെ. അതുകൊണ്ട് ആദ്യം തന്നെ ഒരു തീരുമാനം എടുത്തിരുന്നു. ഒരുപാട് സ്ഥലങ്ങൾ കാണുന്നതിനേക്കാൾ പ്രധാനം ഒരുപാട് സമയം ഒന്നിച്ചു ചെലവഴിക്കുക എന്നതിനാണ്. തീർച്ചയായും കാശ്മീർ സുന്ദരമാണ്. പക്ഷെ അതിലും സുന്ദരമാണ് സൗഹൃദം.
പഹൽഗാമിലെ ഞങ്ങളുടെ താമസം ഝലം നദിക്കരയിൽ ഉള്ള മനോഹരമായ ഒരു ഹോട്ടലിൽ ആയിരുന്നു. തണുപ്പ് മെല്ലെ കൂടാൻ തുടങ്ങി.. തലേന്ന് രാത്രി നന്നായി ഉറങ്ങാൻ പറ്റാത്തതുകൂടിയായപ്പോ എല്ലാർക്കും നല്ല വിശ്രമം വേണമായിരുന്നു. അടുത്ത ദിവസം രാവിലെ നേരത്തെ ഉണർന്നു മെല്ലെ നദിക്കരയിലേക്ക്. കാല് ഒന്ന് വെള്ളത്തിൽ വെച്ചതേയുള്ളു. മേലാകെ വ്യാപിക്കുന്ന തണുപ്പ്. പക്ഷെ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് രാഗേഷും സജിയും അന്നൂർക്കാരൻ സുരേഷും അതിൽ മുങ്ങിക്കുളിച്ചു. യാത്രയിലുടനീളം സുരേഷ് അങ്ങനെയായിരുന്നു. ഒന്നിനും മടിച്ചുനിൽക്കാതെ എല്ലാം അറിഞ്ഞാസ്വദിച്ച്.
ദൽ തടാകത്തിലെ പാട്ട് മത്സരം
അടുത്ത ദിവസത്തെ പ്രധാന പരിപാടി ശ്രീനഗറിൽത്തന്നെ ആയിരുന്നു. പ്രഭാത ഭക്ഷണത്തിനുശേഷം നേരെ ശ്രീനഗറിലേക്ക്. നീണ്ട റോഡ് യാത്രകൾ ചിലപ്പോൾ മടുപ്പുളവാക്കും. പ്രത്യേകിച്ച് പുറം കാഴ്ചകൾ ഏതാണ്ട് ഒരുപോലെ ആകുമ്പോൾ. പക്ഷെ ഞങ്ങൾക്ക് അത്തരം യാത്രകൾ ആയിരുന്നു ചിലപ്പോൾ ഏറ്റവും ആഘോഷം. അതിന്റെ ക്രെഡിറ്റ് മുഴുവൻ ഷംഷിക്കുള്ളതാണ്. കണ്ണൂർ സ്വദേശി, സ്കൂൾ അദ്ധ്യാപിക. ചെറിയ നൃത്തച്ചുവടുകളുമായി റീൽസ് പ്ലാൻ ചെയ്യുന്നതിൽ അവൾക്കുള്ള മിടുക്ക് യാത്രയിൽ വിരസമായ ഒരു നിമിഷം പോലും ഇല്ലാതാക്കി. ഓരോ സ്ഥലത്തേക്കും ഉള്ള ബസ് യാത്രകൾ ആണ് പരിശീലനത്തിനുള്ള സമയം. ജീവിതത്തിൽ ഇതുവരെ ഡാൻസു കളിച്ചിട്ടില്ലാത്തവരും ഒക്കെ കൂടെക്കൂടി.
ശ്രീനഗറിൽ ആദ്യം പോയത് ശങ്കരാചാര്യ അമ്പലത്തിൽ ആണ്. ശ്രീനഗറിലെ ഏറ്റവും പുരാതനമായ അമ്പലം എന്ന് വിശ്വസിക്കപ്പെടുന്ന ഇവിടെ ആദി ശങ്കരാചാര്യർ വന്നിരുന്നു എന്നാണ് വിശ്വാസം. ഒരു കുന്നിൻമുകളിൽ ഉള്ള ഇവിടെനിന്ന് നോക്കിയാൽ ഏതാണ്ട് ശ്രീനഗർ മുഴുവൻ കാണാം. പിന്നെ നേരെ പ്രശസ്തമായ മുഗൾ പൂന്തോട്ടത്തിലേക്ക്.
ശ്രീനഗറിലെ ഏറ്റവും മനോഹരമായ കാഴ്ച ദാൽ തടാകം തന്നെ. അതിലൂടെ വൈകുന്നേരങ്ങളിൽ ഉള്ള ബോട്ട് യാത്ര വാക്കുകൾക്കും അപ്പുറം ആണ്. മൂന്നു ബോട്ടുകളിൽ ആയി ഞങ്ങൾ യാത്ര തിരിച്ചു. പറ്റാവുന്നിടത്തെല്ലാം ഞങ്ങളുടെ ബോട്ടുകൾ അടുത്തടുത്തായി തുഴഞ്ഞു. അതിനിടയിൽ ഒരു ബോട്ടിൽ തൃക്കരിപ്പൂരിലെ പ്രസീത ടീച്ചർ ഒരു പാട്ട് തുടങ്ങി. കൂടെക്കൂട്ടാൻ എല്ലാർക്കും ഉത്സാഹം. അവസാനം അത് ഒരു പാട്ടുകച്ചേരി പോലെ ആയി. രസം പിടിച്ച തുഴച്ചിലുകാരും കാശ്മീരി പാട്ടുകളുമായി ഒപ്പം കൂടി. ഈ യാത്രയിലെ മറക്കാനാകാത്ത മറ്റൊരു സന്ധ്യ. ദൽ തടാകത്തിലെ ഫ്ലോട്ടിങ് മാർക്കറ്റ് പ്രശസ്തമാണ്. തടാകത്തിൽ തന്നെയുള്ള ചെറിയ ഷോപ്പുകളുടെ നിര. പ്രധാനമായും കാശ്മീരി സിൽക്ക് വസ്ത്രങ്ങൾ, തുകൽ ജാക്കറ്റുകൾ, ബാഗുകൾ. കടകളോട് ചേർത്തുനിർത്തുന്ന ബോട്ടിൽനിന്നിറങ്ങി ചെറിയ ചില ഷോപ്പിംഗ്.. അതുപോലെതന്നെ രാത്രി താമസിക്കാൻ സൗകര്യം ഉള്ള ഹൗസ് ബോട്ടുകളും ധാരാളമായി ഇവിടെ കാണാം.
ഗുൽമാർഗ് ഗൊണ്ടോല
നാലാം ദിവസത്തെ ലക്ഷ്യം ഗുൽമാർഗിലെ അഫർവാട് പർവതം(Apharwat Peak) ആയിരുന്നു. സമുദ്രനിരപ്പിൽനിന്നും 13800 അടി ഉയരത്തിലുള്ള ഈ പർവതം വർഷം മുഴുവൻ മഞ്ഞു മൂടിക്കിടക്കും. ഗുൽമാർഗ് വരെ ബസിലും പിന്നെ കേബിൾ കാറിലും(ഗൊണ്ടോല) ആണ് യാത്ര. നേരത്തേ എത്തിയില്ലെങ്കിൽ കേബിൾ കാർ സ്റ്റേഷനിൽ ഒരുപാട് കാത്തിരിക്കേണ്ടിവരും എന്നറിയാവുന്നതുകൊണ്ട് രാവിലെ നേരത്തെ പുറപ്പെട്ടു. എന്നിട്ടും അത്യാവശ്യം നല്ല ക്യൂ ഉണ്ടായിരുന്നു.
മുകളിൽ എത്താൻ രണ്ട് കേബിൾ കാറുകൾ കയറണം. ഒന്നാമത്തെതിൽ പോയാൽ ആദ്യത്തെ സ്റേഷൻ(kongdoori) എത്തും. നല്ല തണുപ്പുള്ള എന്നാൽ അധികം മഞ്ഞില്ലാത്ത സ്ഥലം. കുറച്ചുനേരം അവിടെ നിന്ന ശേഷം അടുത്ത കേബിൾ കാറിനുള്ള ക്യൂവിലേക്ക്. പക്ഷെ തൃച്ഛംബരത്തുകാരി ഗായത്രിയും പരിയാരത്തുള്ള ദീപയും കൂടെയില്ല. പെട്ടെന്ന് ഒരു പരിഭ്രമം. അപ്പോഴേക്കും ആരോ കണ്ടുപിടിച്ചു. അവർ അടുത്തുള്ള ഒരു ബെഞ്ചിൽ പരസ്പരം ചാരി ഇരുന്നു ഉറങ്ങുന്നു. പുറത്തെ തണുപ്പും ഒച്ചപ്പാടുകളും കാര്യമാക്കാതെ. അഫർവാട് പർവതത്തിന്റെ മുകളിൽ എത്തിയപ്പോൾ നല്ല തെളിഞ്ഞ ആകാശം. അത് മഞ്ഞിന്റെ ഭംഗി ഒന്നുകൂടി കൂട്ടി. എല്ലാവരും ചെറിയ തോതിലുള്ള ഐസ് സ്കേറ്റിങ്ങും കളികളും ഒക്കെയായി സമയം ചെലവഴിക്കുമ്പോൾ ചെറുതായി മേഘങ്ങൾ വരാൻ തുടങ്ങി. പിന്നെ മഞ്ഞു വീഴ്ച. അവസാനം അത് കൂടിക്കൂടി മഴയിലേക്കെത്തി. അവിടെ ചിലവഴിച്ച മൂന്നുനാല് മണിക്കൂറിനുള്ളിൽ എല്ലാ കാലാവസ്ഥാ മാറ്റങ്ങളുടെയും ഭംഗി ഒന്നൊന്നായി. ബാംഗ്ളൂരിൽ നിന്നുള്ള മനോജ് ഒരു നല്ല ഫോട്ടോഗ്രാഫർ ആണ്. എടുത്തിട്ടും എടുത്തിട്ടും മതിവരാത്ത പോലെ ഈ മാറ്റങ്ങൾക്കിടയിലെ പർവതത്തിന്റെ ഭംഗി അവൻ പകർത്തിക്കൊണ്ടിരുന്നു.
തിരിച്ച് ഇറങ്ങാൻ തയ്യാറെടുക്കുന്നതിന് ഇടയിൽ സജിതക്ക് ചെറിയ ദേഹാസ്വാസ്ഥ്യം. ഒരുപാട് തിരക്കുകളും ബുദ്ധിമുട്ടുകളും ഉള്ളപ്പോഴും യാത്രയെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ താൽപ്പര്യത്തോടെ കൂടെനിന്നതും അതിനു മാത്രമായി ഒമാനിൽനിന്ന് വന്നതുമാണ് സജിത. കേബിൾ കാറിൽ ഇരിക്കുമ്പോളും അവൾക്ക് നല്ല ക്ഷീണം. പക്ഷെ അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ പയ്യന്നൂരിലെ ദന്ത ഡോക്ടർ ഷിമ്മിയുടെ വക ഒരു കോമഡി ഷോ. പഴയ കാല ജഗതി ചിത്രങ്ങളിലെ തമാശകളും ഭാവാഭിനയവും ഒക്കെയായി. സജിത ക്ഷീണവും ടെൻഷനും ഒക്കെ താനെ മറന്നുപോയി. ഷിമ്മി അത് മനപ്പൂർവം ചെയ്തതായിരുന്നു. സുഹൃത്തുക്കളുടെ കരുതൽ ചിലപ്പോൾ പ്രതീക്ഷിക്കാത്ത രൂപത്തിലാണ് കൂട്ടിനെത്തുക.
വൈകിട്ട് തിരിച്ചു ഹോട്ടലിൽ എത്തിയപ്പോൾ എല്ലാർക്കും നല്ല ക്ഷീണം. എന്നാലും സംസാരിച്ചു മതിവരാത്ത പോലെ എല്ലാരും വീണ്ടും ഒത്തുകൂടി. പിന്നെ വീണ്ടും ഓർമകളുടെ ചാകര. ഹൈദരാബാദിൽ നിന്നുള്ള ധന്യ തുടക്കം മുതലേ ഗ്രൂപ്പിൽ ഉണ്ടെങ്കിലും നീണ്ട മൗനത്തിൽ ആയിരുന്നു. ചില സൗഹൃദങ്ങൾ അങ്ങനെയാണ്. ചാരം മൂടിയ കനലുപോലെ അങ്ങനെ നിൽക്കും. കെടാതെ. എപ്പോഴെങ്കിലും ഒരു ചെറുകാറ്റടിക്കുമ്പോൾ മുമ്പത്തേക്കാൾ നന്നായി തെളിയാനായിട്ട്. ധന്യക്ക് അത് ഈ യാത്രയായിരുന്നു. ഇപ്പോൾ എല്ലാവർക്കും പ്രിയപ്പെട്ടവൾ. തിരിച്ചും.
സമയം അർദ്ധരാത്രി കഴിഞ്ഞു. പക്ഷെ എല്ലാരും ഓർമ പുതുക്കലുകളുടെ ആവേശത്തിൽ ആണ്. അതിനിടയിൽ പെട്ടെന്ന് ഒരു ബഹളം. ചെറുകുന്ന്കാരി കവിത സ്വന്തം റൂമിലേക്ക് കയറുമ്പോൾ അവിടെ മറ്റാരോ. പെട്ടെന്നുള്ള ഞെട്ടലിൽ താക്കോലും അവിടെയിട്ട് അവൾ ഓടി വന്നതാണ്. ഉടനെ റിസപ്ഷനിൽ വിളിച്ചു. അവളുടെ റൂം തുറന്നു. പക്ഷെ അവിടെ ആരും ഇല്ല. പിന്നത്തെ ചിന്ത അവൾ ഏതു റൂമാണ് തുറന്നതെന്നായി. അപ്പോഴത്തെ പരിഭ്രമത്തിൽ ഒന്നും ഓർമ ഇല്ല. അവസാനം ഹോട്ടലിന്റെ സി സി ടിവി ചെക്കു ചെയ്തു കണ്ടുപിടിച്ചു. ആ ഹോട്ടലിൽ ഒരുപോലത്തെ രണ്ട് ടവർ ഉണ്ട്. ഭക്ഷണ ശാലയുടെ രണ്ടറ്റത്തായി കോണിപ്പടികൾ. അത് കയറി മുകളിൽ എത്തിയാൽ ഒരുപോലുള്ള ഇടനാഴികളും റൂമുകളും. കവിതക്ക് റൂം മാറിപ്പോയി. എന്തായാലും ഹോട്ടൽ സ്റ്റാഫിനെയും കൂടി ആ റൂമിൽ പോയി ക്ഷമാപണം നടത്തി താക്കോൽ എടുത്തു. അയാൾ ഉറങ്ങുന്നതിന് മുമ്പ് മുറി പൂട്ടാൻ മറന്നുപോയി. പകുതി ഉറക്കത്തിലായപ്പോളാണ് പെട്ടെന്ന് ആരോ മുറിയിൽ വരുന്നതും നിലവിളിച്ചുകൊണ്ട് ഓടിപ്പോകുന്നതും. ഒന്നും മനസ്സിലാവാതെ ആ പാവം പേടിച്ചിരിപ്പായിരുന്നു. അയാളുടെ അവസ്ഥ കണ്ടപ്പോൾ കവിതയുടെ പേടി ഒരു പേടിയെ അല്ല എന്ന് തോന്നി.
തിരിച്ചുപോകാൻ മനസ്സില്ലാതെ
യാത്രയുടെ അവസാന ദിവസത്തിലേക്ക്. അടുത്ത ദിവസം രാവിലെ തിരിച്ചുപോകേണ്ടതുകൊണ്ട് ശ്രീനഗറിൽ തന്നെ ചെറിയ പരിപാടികൾ പ്ലാൻ ചെയ്തു. കൂടെ കുറച്ചു ഷോപ്പിങ്ങും, തിരിച്ചിപോകുമ്പോൾ പ്രിയപ്പെട്ടവർക്ക് ചില സ്നേഹ സമ്മാനങ്ങൾ. അവരുടെ പൂർണപിന്തുണ ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ ഈ സ്വപ്നം സ്വപ്നമായിത്തന്നെ തീർന്നേനെ.
രാത്രി ഒരു ചെറിയ ആഘോഷം. സൗഹൃദത്തിന്റെ മുപ്പതാം വാർഷികാഘോഷം. ബക്കളത്തുകാരി സജ്നയുടെ റൂമിൽ എല്ലാരും ഒത്തുകൂടി. അന്ന് രാത്രി വൈകുവോളം കഥയും പാട്ടുമായി കഴിഞ്ഞു. പിരിയാൻ മനസ്സില്ലാതെ..ഇത്തരം കൂടിച്ചേരലുകളിൽ ഒരു നിറസാന്നിദ്യമാണ് കാലിക്കടവിലെ പ്രദീപ്. കോളേജിൽ ഉണ്ടായിരുന്നപ്പോൾ അധികം സംസാരിക്കാതെ ഒതുങ്ങി നടന്നവൻ. പക്ഷെ അവൻ എല്ലാരേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യാത്രകൾക്കിടയിൽ ഓരോ ആളുകൾ സംസാരിക്കുമ്പോഴും അവന്റെ വക എന്തെങ്കിലും കഥകൾ കാണും. പണ്ടത്തെ ഓർമ്മകൾ.
മെയ്15 ന് രാവിലെ ഡൽഹിക്കുള്ള ഫ്ലൈറ്റ്. പിന്നെ എല്ലാവരും പല വഴിക്ക്. വീട്ടിൽ തിരിച്ചെത്തിയിട്ടും യാത്രയുടെ വിശേഷങ്ങൾ ഫോട്ടോകളിലൂടെയും വിഡിയോകളിലൂടെയും ഓർമക്കുറിപ്പുകളിലൂടെയും വീണ്ടും വീണ്ടും. തീർന്നിട്ടും തീരാത്ത മനസിലെ പൂരം പോലെ.
കശ്മീർ താഴ്വര ഇപ്പോൾ ശാന്തമാണ്. സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് നല്ല ആതിഥേയരെപ്പോലെ കാശ്മീരികൾ. എന്നാലും കാശ്മീരിന്റെ ഓരോ കോണിലും നിറതോക്കുമായി പട്ടാളക്കാരെ കാണാം. അവരുടെ നിതാന്ത ജാഗ്രതക്കും ത്യാഗത്തിനും നന്ദി പറയാതെ ഒരു കാശ്മീർ യാത്രയും പൂർണമാവില്ല.
ഹൃദയത്തോട് അത്രയധികം ചേർന്നുനിൽക്കുന്ന ചില കാര്യങ്ങളിലേക്ക് പിന്നീട് തിരിഞ്ഞു നോക്കുമ്പോ ചിലപ്പോൾ സംശയിക്കും അത് സത്യമോ സ്വപ്നമോ എന്ന്. ഈ യാത്ര ഞങ്ങൾക്ക് അതുപോലെയാണ്. നേരത്തെ പറഞ്ഞ പോലെ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന ഒരു തോന്നൽ ആയിരുന്നു ആദ്യം. അത്രമേൽ മനസുകൊണ്ട് ആഗ്രഹിക്കുമ്പോൾ ചില ഹീറോസ് ഉയർന്നുവരും. ഞങ്ങളുടെ കാര്യത്തിൽ അത് ഒരാൾ മാത്രം ആയിരുന്നില്ല.
സ്വപ്നം കണ്ടു തുടങ്ങിയ ദിവ്യ, എല്ലാരേം ഒപ്പം കൂട്ടി ആ സ്വപ്നത്തിനു പിറകെ പോയ രാഗേഷ്, ഓരോ പ്രതിസന്ധിയിലും പട്ടാളക്കാരന്റെ വീര്യം പുറത്തെടുക്കുന്ന സജി, എന്തിനും ഏതിനും കൂടെ എന്ന മട്ടിൽ സജീവൻ, സജ്ന എല്ലാരേം ഡാൻസുകാരാക്കിയ ഷാംഷി, ഷിമ്മി യാത്രയുടെ മനോഹാരിത ക്യാമറയിൽ ഒപ്പിയെടുക്കാൻ മനോജ്. ഇതെല്ലം ഉള്ള ബി ബാച്ചിൽ ഈ മധുരിക്കുന്ന ഓർമകൾ കുറിച്ച് വെക്കുന്ന ഒരാളില്ലാതാകുന്നതെങ്ങനെ? അവസാനം അങ്ങനെയും ഒരാൾ വന്നു.. യാത്രയിലെ ഓർമകളെ നർമം കലർത്തിയ കുറിപ്പുകളിലൂടെ പകർത്തിവെക്കാൻ ഒരാൾ. കടന്നപ്പളിക്കാരൻ ഉണ്ണിക്കൃഷ്ണൻ. അവൻ ഇടക്കിടെ ഗ്രൂപ്പിൽ ഇടുന്ന ഓർമ്മക്കുറിപ്പുകളിലൂടെ നമ്മൾ വീണ്ടും വീണ്ടും ആ യാത്രയിലേക്. അതെ, എന്തിനും ഏതിനും ആൾക്കാരുള്ള ഞങ്ങളുടെ സ്വന്തം ബി ബാച്ച്. അടുത്തിറങ്ങിയ ഒരു മലയാളം സിനിമയുടെ ടാഗ് ലൈൻ പോലെ “Everyone is a hero”.
(ഒരു പൂർവ വിദ്യാർഥിയുടെ യാത്രാ കുറിപ്പ്)