മുഴപ്പിലങ്ങാട്> തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥി കൊല്ലപ്പെട്ടതറിഞ്ഞ നടുക്കത്തിലാണ് മുഴപ്പിലങ്ങാട് നിവാസികൾ. തെരുവുനായകളാൽ പിച്ചിച്ചീന്തിയ ആ കുഞ്ഞുശരീരം ആർക്കും ഒരുവട്ടം നോക്കിക്കാണുവാൻ പോലുമാകുന്നുണ്ടായിരുന്നില്ല.
വൈകിട്ട് അഞ്ചോടെ കാണാതായ നിഹാൽ നൗഷാദിനെ തെരഞ്ഞിറങ്ങുമ്പോൾ ബന്ധുക്കളോ നാട്ടുകാരോ ഇത്തരമൊരു ദുരന്തം മനസിൽ പോലും ചിന്തിച്ചില്ലായിരുന്നു. കളിക്കാൻ പോയ നിഹാൽ വൈകിയും തിരികെ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ തെരഞ്ഞിറങ്ങിയത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാൽ. വിവരമറിഞ്ഞ് പ്രദേശവാസികളും സഹായത്തിനെത്തി. ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നിഹാലിന്റെ വീടിന് 300 മീറ്റർ അകലെ ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ തെരുവുനായകളുടെ ശബ്ദംകേട്ടു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് സ്ഥിരമായി കളിക്കുന്ന സ്ഥലത്ത് മൃതപ്രായനായി നിഹാലിനിനെ കണ്ടെത്തുന്നത്.
ശരീരമാകെ കടിയേറ്റ നിലയിലായിരുന്നു.കുട്ടിയുടെ അരക്ക് താഴെ തെരുവുനായകൾ പിച്ചിച്ചീന്തിയിരുന്നു. എക്കാട് പൊലീസിന്റെ സഹായത്തോടെ നിഹാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവസ്ഥലം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി എം കെ മുരളി, ജില്ലാ പഞ്ചായത്തംഗം കെ വി ബിജു തുടങ്ങിയവർ സന്ദർശിച്ചു. മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റഹ്മയിൽ നൗഷാദിന്റെയും നഫീസയുടെയും മകനാണ് നിഹാൽ. വിദേശത്തുള്ള നൗഷാദ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.