കൊച്ചി
കേന്ദ്ര വന്യജീവിസംരക്ഷണ നിയമത്തിൽ ഭേദഗതിക്കുള്ള സാധ്യതകൾ വനംവകുപ്പ് പരിശോധിക്കുന്നു. വനംമന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സംസ്ഥാനം അഭിമുഖീകരിക്കുന്ന മനുഷ്യ–-വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഇവ നേരിടാനും തരണം ചെയ്യാനുമാകുന്ന വിധത്തിലാണ് ഭേദഗതി വരുത്തുക.
ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, വനംവകുപ്പ് മേധാവി, മേഖലയിലെ വിദഗ്ധർ എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വന്യജീവിസംരക്ഷണം സംബന്ധിച്ച് നിലവിലെ കേന്ദ്രനിയമം സംസ്ഥാനത്തിന് ഭേദഗതി ചെയ്യാൻ സാധിക്കുമോയെന്ന് സമിതി പഠിച്ച് തീരുമാനമെടുക്കും. കേന്ദ്രസർക്കാരിനെ കൊണ്ടുതന്നെ നിയമഭേദഗതി നടത്തിക്കാൻ സാധിക്കുമോയെന്ന് പഠിക്കുകയും സാധിക്കുമെങ്കിൽ കേന്ദ്രത്തിനോട് ആവശ്യപ്പെടുകയും ചെയ്യും.
സമീപകാലത്തായി ജനവാസമേഖലയിൽ ഉൾപ്പെടെ വന്യജീവികളിറങ്ങി ആക്രമണം നടത്തുന്നതും കൃഷി നശിപ്പിക്കുന്നതും ഏറിവരികയാണ്. മനുഷ്യജീവനും കൃഷിക്കും ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലുന്നതിനും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനും നിലവിലെ കേന്ദ്ര വന്യജീവിസംരക്ഷണ നിയമം തടസ്സമാണ്. ഈ സാഹചര്യത്തിലാണ് കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള ഫലപ്രദമായ നടപടികൾ സംസ്ഥാനത്തിനുതന്നെ സ്വീകരിക്കാൻ കഴിയുംവിധം ഭേദഗതികൾ കൊണ്ടുവരാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നത്. മനുഷ്യ–-വന്യജീവി സംഘർഷമുണ്ടാകുമ്പോൾ സംസ്ഥാന സർക്കാരിന് അടിയന്തര ഇടപെടൽ നടത്താൻ കഴിയുംവിധം നിയമത്തിൽ ഭേദഗതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ചെവിക്കൊണ്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ഊർജിത ഇടപെടൽ.
വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടിപ്പിച്ച വനസൗഹൃദസദസ്സിൽ ഭേദഗതി അഭ്യർഥനകൾ ലഭിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ ‘ദേശാഭിമാനി’യോട് പറഞ്ഞു. ഇവ ഉൾപ്പെടെ പരിഗണിച്ചാണ് ഭേദഗതിക്കുള്ള ശ്രമങ്ങളെന്നും മന്ത്രി പറഞ്ഞു.