ചെങ്ങന്നൂർ
കൊല്ലകടവ്–-വെൺമണി റോഡിൽ ചെറിയനാട് ചെറുവല്ലൂർ മണത്തറയിൽ വീടിന് മുന്നിലെ ബോർഡ് കാണുമ്പോൾ ആദ്യം മനസുനിറയും. വിശന്നാണ് എത്തുന്നതെങ്കിൽ പിന്നീട് വയറും. ‘വിശക്കുന്നവർക്ക് ഈ വീട്ടിൽ ആഹാരം ഉണ്ടാകും’ എന്ന് ബോർഡുമായി വയറെരിയുന്നോർക്ക് അന്നമൂട്ടാൻ സദാ കാത്തിരിക്കുന്ന ഒരു വീടുണ്ട് ആലപ്പുഴ ചെങ്ങന്നൂർ കൊല്ലകടവിൽ. വിശക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും ഇവിടെയെത്താം, ഭക്ഷണം കഴിക്കാം; അത് രാത്രിയിലാണെങ്കിലും. ആഹാരം തയ്യാറാക്കാൻ അൽപ്പം കാത്തിരിക്കണമെന്ന് മാത്രം.
അഞ്ചുമാസം മുമ്പ് ഒരു ഞായറാഴ്ച കുടുംബവുമായി നടത്തിയ കാർ യാത്രയ്ക്കിടെയാണ് സിപിഐ എം ചെറുവല്ലൂർ ബ്രാഞ്ചംഗവും പാസ്റ്ററുമായ എം എ ഫിലിപ്പിന് (50) വിശന്നെത്തുന്നവർക്ക് ഭക്ഷണം നൽകണമെന്ന തോന്നലുണ്ടാകുന്നത്. ഭാര്യ സോഫിയും മക്കളായ ജാബേഷ് ഫിലിപ്പും ജോൺസ് ഫിലിപ്പും പിന്തുണയും പ്രോത്സാഹനവുമായി ഒപ്പം നിന്നതോടെ വീട്ടിലെ അടുക്കളയിൽ അൽപ്പം ഭക്ഷണം കൂടുതൽ കരുതിത്തുടങ്ങി. വീടിന് മുന്നിൽ ബോർഡും വച്ചു. ഇതിനകം നാൽപ്പതിലേറെപ്പേർക്ക് ഭക്ഷണം നൽകി.
കൊടുപ്പുന്ന അസംബ്ലീസ് ഓഫ് ഗോഡ് സഭാ പാസ്റ്ററാണ് ഫിലിപ്പ്. ഡിവൈഎഫ്ഐയുടെ ‘വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ’ പൊതിച്ചോർ കാമ്പയിനിലടക്കം സജീവപങ്കാളിത്തമുണ്ട് ഈ കുടുംബത്തിന്. റോഡിലൂടെ യാത്രചെയ്തവർ ആരോ ഫോട്ടോയെടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ബോർഡ് വൈറലായി.
ഫിലിപ്പിന്റെ ജീവകാരുണ്യ പ്രവർത്തനം ഇനിയുമുണ്ട്. ഇതുവരെ നാല് യുവതികളെ വിവാഹം കഴിപ്പിച്ചയച്ചു. രണ്ടുപേർക്ക് വീട് വച്ചുനൽകാനും നേതൃത്വം നൽകി. നിരവധി വിദ്യാർഥികൾക്ക് നഴ്സിങ് പഠനത്തിന് സഹായവും നൽകുന്നുണ്ട്. ജാബേഷ് എംസിഎ പാസായി. ജോൺസ് പാലാ സെന്റ് ജോസഫ്സ് കോളേജിൽ ഹോട്ടൽ മാനേജ്മെന്റ് മൂന്നാം വർഷ ബിരുദവിദ്യാർഥിയുമാണ്. മക്കളും ജോലിയിൽ പ്രവേശിക്കുന്നതോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കണമെന്നാണ് ഫിലിപ്പിന്റെ ആഗ്രഹം.