തിരുവനന്തപുരം
അരിക്കൊമ്പന്റെ നീക്കങ്ങൾ തമിഴ്നാട് മനസ്സിലാക്കുന്നത് കേരളം നൽകിയ നിരീക്ഷണസംവിധാനം ഉപയോഗിച്ച്. ആനയുടെ റേഡിയോ കോളർ തരംഗങ്ങൾ സ്വീകരിക്കുന്ന ആന്റിന കേരളമാണ് തമിഴ്നാടിനു നൽകിയത്. പെരിയാറിലെ റിസീവിങ് സെന്ററുമായി ബന്ധിപ്പിച്ചിരുന്ന രണ്ട് ആന്റിനയിൽ ഒന്നാണ് കൈമാറിയത്. ആന നിൽക്കുന്നതിന് ഒരു കിലോമീറ്റർ പരിധിയിലുള്ള സിഗ്നലുകൾ ഈ ആന്റിനകളിലേക്ക് ലഭിക്കും.
എന്നാൽ, അരിക്കൊമ്പന്റെ റേഡിയോ കോളറിന്റെ സാറ്റലൈറ്റ് സംവിധാനം ബന്ധിപ്പിച്ചിരിക്കുന്നത് തേക്കടിയിലെ റിസീവിങ് സെന്ററിലാണ്. ഇത് റീ -സെറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇതിലൂടെ ആനയുടെ നീക്കങ്ങൾ കേരളവും നിരീക്ഷിക്കുന്നുണ്ട്.
പെരിയാറിൽ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ആന്റിന ഉടൻ തിരുവനന്തപുരത്ത് എത്തിച്ച് നെയ്യാർ ഡിവിഷന് കൈമാറും. തിരുവനന്തപുരത്തോടു ചേർന്നുള്ള വനാതിർത്തിയിൽ ആന എത്തിയാൽ നെയ്യാർ ഡിവിഷനിൽ സിഗ്നൽ ലഭിക്കും. ദ്രുതഗതിയിൽത്തന്നെ വനംവകുപ്പിന് നടപടികൾ സ്വീകരിക്കാനാകും. നിലവിൽ കേരള അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ അകലെ കീഴ്കോതയാറിലെ ചിന്നക്കുറ്റിയാർ പരിസരത്താണ് ആനയുള്ളത്. ദിവസവും രണ്ടുമുതൽ നാലുവരെ കിലോമീറ്റർ സഞ്ചരിക്കാനേ ആനയ്ക്ക് കഴിയുന്നുള്ളൂ. പൂർണ ആരോഗ്യം വീണ്ടെടുക്കാൻ ഇനിയും ദിവസങ്ങൾ എടുത്തേക്കുമെന്ന് കന്യാകുമാരി ഡിഎഫ്ഒ ഇളയരാജ മുത്തയ്യ പറഞ്ഞു.
‘പുൽമേട്ടിൽ കുഞ്ഞിനെപ്പോലെ ഉറങ്ങുന്ന അരിക്കൊമ്പൻ’ എന്ന അടിക്കുറിപ്പോടെ തമിഴ്നാട് വനംവകുപ്പ് അഡീഷണൽ ഡയറക്ടർ സുപ്രിയ സാഹു ഞായറാഴ്ച ട്വീറ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. മലയാളം ഓൺലൈൻ പോർട്ടലുകൾ ഉൾപ്പെടെ ഇത് വാർത്തയാക്കി. എന്നാൽ, വീഡിയോ അരിക്കൊമ്പന്റേത് അല്ലെന്നും 2020ലേത് ആണെന്നും തിരിച്ചറിഞ്ഞതോടെ സുപ്രിയ സാഹു ട്വീറ്റ് പിൻവലിച്ചു. സുപ്രിയക്കെതിരെ തമിഴ്നാട് വനംവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചതായാണ് വിവരം.
അരിക്കൊമ്പൻ കീഴ്കോതയാറിൽ ; കറക്കം 4 കിലോമീറ്ററിനുള്ളിൽമാത്രം
അരിക്കൊമ്പൻ ഒരു ദിവസം ചുറ്റിക്കറങ്ങുന്നത് നാലുകിലോമീറ്ററിനുള്ളിൽമാത്രം. കന്യാകുമാരി വന്യജീവി സങ്കേതത്തിലെ കീഴ്കോതയാർ ചിന്നക്കുറ്റിയാർ പ്രദേശത്താണ് ആന ഇപ്പോഴുള്ളത്. അധികദൂരം സഞ്ചരിക്കാൻ കഴിയുന്നില്ല എന്നാണ് തമിഴ്നാട് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. നെയ്യാർ വനമേഖലയോട് ചേർന്ന പ്രദേശമാണ് ചിന്നക്കുറ്റിയാർ. ഇവിടെനിന്ന് 15 കിലോമീറ്റർ സഞ്ചരിച്ചാൽ നെയ്യാർ വനമേഖലയിലെത്താം. പക്ഷേ, അത്തരമൊരു നീണ്ടയാത്രയ്ക്ക് അരിക്കൊമ്പൻ തയാറായിട്ടില്ല.
തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറയിൽനിന്നാണ് കഴിഞ്ഞദിവസം ആന കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നത്. ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ കോതയാറിലെ 25 ഇലക്ട്രിസിറ്റി ജീവനക്കാർക്കും 20 പമ്പ് ഹൗസ് ജീവനക്കാർക്കും തമിഴ്നാട് രണ്ടുദിവസം അവധി നൽകി. കേരളം നിരീക്ഷണം ശക്തമാക്കിയതായും തിരുവനന്തപുരത്തേക്ക് കടക്കുമെന്നുള്ള വാർത്തകളിൽ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.