കൊച്ചി
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ‘പുനർജനി’ പദ്ധതിയിൽ വീട് നിർമ്മിച്ച് നൽകിയിട്ടില്ലെന്ന് വ്യക്തമായതോടെ പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ വിദേശത്തുപോയി പിരിച്ച പണമെവിടെയെന്ന് ജനങ്ങളുടെ ചോദ്യം. പറവൂർ മണ്ഡലത്തിലെ പ്രളയബാധിതർക്ക് പുനർജനി പദ്ധതിയിലൂടെ 212 വീട് നിർമിച്ചുനൽകിയെന്ന് വി ഡി സതീശൻ അവകാശപ്പെട്ടിരുന്നെങ്കിലും നിർമ്മിച്ച വീടുകൾ റോട്ടറി ക്ലബ് ഉൾപ്പെടെയുള്ള സംഘടനകളുടെ വകയായിരുന്നെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ എംഎൽഎ പിരിച്ച പണമെവിടെ എന്നാണ് പറവൂരുകാരുടെ ചോദ്യം.
മണ്ഡലത്തിലെ ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളാണ് പ്രളയദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ചത്. നാലു പഞ്ചായത്തിലും പ്രളയദുരിതബാധിതർക്കായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കി. ആയിരത്തിലേറെ വീടുകൾ നിർമിച്ചുനൽകി. അതിലേറെ അറ്റകുറ്റപ്പണി നടത്തി. വിവിധ സംഘടനകളും വീടുകൾ നിർമിച്ചുനൽകി. സ്ഥലം എംഎൽഎ വി ഡി സതീശനാണ് പലതിന്റെയും താക്കോൽദാനം നടത്തിയത്. അതിനുപിന്നാലെ വീടുകളുടെയെല്ലാം മുന്നിൽ പുനർജനി പദ്ധതി എന്ന ബോർഡും പ്രത്യക്ഷപ്പെട്ടു.
ചിറ്റാറ്റുകരയിലെ എട്ട് വാർഡുകളിൽ 60,000 മുതൽ 2.5 ലക്ഷം രൂപവരെയുള്ള സംസ്ഥാന സർക്കാർ സഹായംകൂടി ഉപയോഗിച്ച് 10 വീടാണ് നിർമിച്ചത്. എന്നാൽ, ഈ വീടുകൾ പിന്നീട് പുനർജനിയുടെയും കെപിസിസിയുടെയും അക്കൗണ്ടിലാക്കി വി ഡി സതീശൻ.
ഹൃദ്രോഗചികിത്സകരുടെ സംഘടന നൽകിയ വീടുകളും ഉദ്ഘാടനശേഷം പുനർജനി എന്ന പേരിൽ പുനർജനിച്ചു. തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള അർഹരുടെ പട്ടിക പരിശോധിച്ച് ‘പുനർജനി’യിൽ ഗുണഭോക്താക്കളെ കണ്ടെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതരും വെളിപ്പെടുത്തി.വിദേശത്തുനിന്ന് ഫണ്ട് പിരിച്ചതായി സതീശൻ അവകാശപ്പെട്ടപ്പോഴും മറ്റ് ഏജൻസികളാണ് പണം ചെലവഴിച്ചതെന്ന് വെളിപ്പെട്ടതോടെയാണ് പിരിവിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന ആവശ്യമുയർന്നത്.
അന്വേഷണത്തിന് കർമപദ്ധതി
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമം ലംഘിച്ച് വിദേശത്ത് പണപ്പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട പഴയ ഫയലുകൾ വിജിലൻസ് പരിശോധിക്കും. കേസ് അന്വേഷിക്കുന്ന വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് ഉദ്യോഗസ്ഥർ ഈയാഴ്ച പരിശോധന തുടങ്ങും. ഇത് പൂർത്തിയായാൽ അന്വേഷണത്തിന് കർമപദ്ധതി തയ്യാറാക്കും. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്പി അടുത്തദിവസം തിരുവനന്തപുരത്ത് എത്തിയാലുടൻ നടപടികൾ ആരംഭിക്കും. സാമ്പത്തിക ഇടപാട് അടക്കമുള്ള കാര്യങ്ങളും പരിശോധിച്ചശേഷമാകും തെളിവ് ശേഖരണവും ചോദ്യം ചെയ്യലുമടക്കമുള്ള തുടർനടപടികളിലേക്ക് കടക്കുക.