ന്യൂയോർക്ക്
അടുത്ത അമ്പത് വർഷം മുന്നിൽക്കണ്ടുള്ള വികസന പദ്ധതികൾ നടപ്പാക്കണമെന്ന അഭിപ്രായവുമായാണ് ഫെബി മാത്യുവും സിജിത് വിജയകുമാറും ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന് എത്തിയത്. സിജിത്തിന് വേദിയിലെത്തി അഭിപ്രായം പറയാൻ അവസരം ലഭിച്ചു. അതിന് മുഖ്യമന്ത്രി മറുപടിയും നൽകി. അമേരിക്കയിൽ ജീവിക്കുന്ന മലയാളിയെന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു രണ്ട് ദിവസമെന്ന് പാലാ സ്വദേശി ഫെബി.
നെതർലൻഡ്സ് ആസ്ഥാനമായ ഒരു ബാങ്കിലാണ് കഴിഞ്ഞ പത്ത് വർഷമായി ഫെബി ജോലി ചെയ്യുന്നത്. വാട്സാപ്പിൽ ലഭിച്ച ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകിയാണ് ഫെബിയും സുഹൃത്തായ സിജിത്തും ലോക കേരള സഭയിലേക്ക് പോകാൻ തീരുമാനിച്ചത്. ഒരു രൂപപോലും ഫീസായി നൽകേണ്ടി വന്നില്ല. പ്രവാസി മലയാളികളെയും കേരളത്തെയും സംബന്ധിക്കുന്ന ഗൗരവമായ ചർച്ചകളാണ് സമ്മേളനത്തിന്റെ വിവിധ സെഷനുകളിലുണ്ടായത്. ചർച്ചകൾ അർഹിക്കുന്ന ഗൗരവത്തിൽ പരിഗണിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായ മറുപടികളാണ് നൽകിയതെന്നും ഫെബി പറയുന്നു. വേദിയിലെത്തിയ ഓരോരുത്തരും മുഖ്യമന്ത്രിക്കൊപ്പം ചിത്രമെടുക്കാൻ തിരക്ക് കൂട്ടി. മുക്കാൽ മണിക്കൂറോളമാണ് തങ്ങൾക്കൊപ്പം ചിത്രമെടുക്കാൻ മാത്രമായി മുഖ്യമന്ത്രി ചെലവിട്ടത്. അദ്ദേഹത്തിനൊപ്പം നിൽക്കാൻ ലക്ഷങ്ങൾ കൊടുക്കണമെന്ന വാർത്തകൾ വ്യാജമായിരുന്നെന്ന് അവിടെയെത്തിയപ്പോൾ ബോധ്യമായെന്നും ഫെബി പറയുന്നു.