ന്യൂയോർക്ക്
നവകേരളത്തിന്റെ വികസനത്തിനും മുന്നോട്ട് കുതിപ്പിനുമുള്ള നിർദേശങ്ങളുമായി ലോക കേരളസഭ അമേരിക്കൻ സമ്മേളനം. ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളെല്ലാം ഭാവികേരളത്തിനാവശ്യമായ സംരംഭങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും പുരോഗതിക്കാവശ്യമായ നിർദേശങ്ങളുമാണ് മുന്നോട്ടുവച്ചത്. ഇക്കാര്യങ്ങളിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് ചർച്ചകൾക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വിദേശത്ത് പഠിക്കാനെത്തുന്ന കുട്ടികൾക്ക് മാർഗനിർദേശം നൽകാൻ സൗകര്യം വേണം, അനധികൃത റിക്രൂട്ടിങ് ഏജൻസികളെ തടയണം തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിലുയർന്നു. ഇക്കാര്യത്തിൽ ശക്തമായ നിയമനടപടികൾ കേരളത്തിൽ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കരിപ്പൂർ വിമാനത്താവള വികസനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിൽ ചെലുത്തിയ സമ്മർദത്തിന് ഫലമായി. റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ അനുമതിയായിട്ടുണ്ട്. ഈ നടപടിയുമായി അതിവേഗം മുന്നോട്ട് പോകും. വയോജനങ്ങൾക്ക് ഹോം നഴ്സിങ്ങടക്കം ഒട്ടേറെ പദ്ധതികൾ ആലോചിക്കുന്നുണ്ട്. പ്രവാസികളുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഹോം സ്റ്റേ ആക്കുന്ന പദ്ധതി വീട്ടുടമയുടെ സമ്മതത്തോടെ ആലോചിക്കും.
മാലിന്യ നിർമാർജനം പാഠപുസ്തകത്തിന്റെ ഭാഗമാക്കും. പാഠപുസ്തക പരിഷ്കരണസമയത്ത് ഇക്കാര്യം ഗൗരവമായി പരിഗണിക്കും.
ഇതിനാവശ്യമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ മധ്യ വരുമാന ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.