ഇസ്താംബുൾ
പഠിപ്പിക്കുന്ന ഘട്ടത്തിൽ ഇഷ്ടപ്പെടാതിരിക്കുകയും പിന്നീട് അഭിനന്ദിക്കപ്പെടുകയും ചെയ്യുന്ന സ്കൂൾ മാഷാണ് ഫുട്ബോളിൽ പെപ് ഗ്വാർഡിയോള. ക്ലബ്ബിന്റെ കളി നിലവാരത്തിലേക്ക് ഏതൊരു കളിക്കാരനെയും എത്തിക്കും. അതിനിടെ ചില കളിക്കാർ ക്ഷീണിക്കും ചിലർക്ക് മടുക്കും. എങ്കിലും ഗ്വാർഡിയോള നിർത്തില്ല. എല്ലാവരും ഒരേ നിലവാരത്തിൽ പന്ത് തട്ടുന്ന സംവിധാനം ഈ സ്പാനിഷുകാരൻ നടപ്പാക്കും. ഒരു സീസണിൽ ട്രിപ്പിൾ കിരീടം രണ്ടുതവണ നേടുന്ന ആദ്യ പരിശീലകനെന്ന നേട്ടം അമ്പത്തിരണ്ടുകാരന് കൈവന്നത് ഈ രീതികൊണ്ടാണ്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകർക്കൊപ്പമാണ് ഇപ്പോൾ ഗ്വാർഡിയോളയുടെ സ്ഥാനം.
മൂന്ന് ആവശ്യങ്ങളാണ് ഗ്വാർഡിയോളയ്ക്ക്. നിയന്ത്രണം, ലളിതം, വേഗം. പന്ത് നിയന്ത്രിക്കുക, ലളിതമായി വേഗത്തിൽ കളിക്കുക. ഈ തത്വമാണ് നടപ്പാക്കുന്നത്. പരിശീലനത്തിൽ കളിക്കാരോട് ആവശ്യപ്പെടുന്നതും ഇതുതന്നെ. കളിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കുക, കൃത്യമായ സ്ഥാനത്ത് നിൽക്കുക, സഹതാരങ്ങളോടുള്ള മികച്ച പിന്തുണ ഇതൊക്കെയാണ് അടിസ്ഥാനം. എത്രതന്നെ മാറാൻ കൂട്ടാക്കാത്ത കളിക്കാരനും ഗ്വാർഡിയോളയ്ക്ക് കീഴിൽ മാനസികമായും ശാരീരികമായും മെച്ചപ്പെടും. എർലിങ് ഹാലണ്ടിനെപ്പോലൊരു ഗോളടിക്കാരൻ സിറ്റിയുടെ സംവിധാനവുമായി എളുപ്പത്തിൽ പൊരുത്തപ്പെട്ടത് ഈ മികവുകൊണ്ടാണ്.
ബാഴ്സലോണയിലും ബയേൺ മ്യൂണിക്കിലും ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിലും ചരിത്രംകുറിക്കുകയാണ് ഗ്വാർഡിയോള. 2009ലാണ് ബാഴ്സയിലെ ട്രിപ്പിൾ നേട്ടം. 17 പ്രധാന കിരീടങ്ങളുമായി. സിറ്റിയിൽ ആറ് വർഷത്തിനിടെ അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടി. മറ്റ് ആഭ്യന്തര നേട്ടങ്ങളുമുണ്ടായി. ഈ സീസണിൽ 145 ഗോളാണ് സിറ്റി ആകെ നേടിയത്. അതിൽ 32 എണ്ണം ചാമ്പ്യൻസ് ലീഗിൽ. 94 ലീഗിലും 19 എണ്ണം എഫ്എ കപ്പിലും.