ലണ്ടൻ
ഇസ്താംബുളിലെ പാതിരാനേരം മാഞ്ചസ്റ്റർ സിറ്റിയുടെ ആകാശനീലനിറത്തിൽ മുങ്ങി. ഒന്നരമണിക്കൂറിലെ നാടകീയവും പരിഭ്രമിപ്പിക്കുന്നതുമായ നിമിഷങ്ങൾക്കുശേഷം താരങ്ങൾ പരസ്പരം പുണർന്നു, കണ്ണീർവാർത്തു, പിന്നെ ചിരിച്ചു. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ആദ്യമായി സിറ്റി ചാമ്പ്യൻമാരായിരിക്കുന്നു. കാത്തിരിപ്പിന്റെ അവസാനം. അപ്രതീക്ഷിത കളിമികവുമായി കളംപിടിച്ച ഇന്റർ മിലാനെ ഒരു ഗോളിന് മറികടന്നായിരുന്നു നേട്ടം. മധ്യനിരക്കാരൻ റോഡ്രി രണ്ടാംപകുതിയിൽ നേടിയ ഗോളിലാണ് ചരിത്രമെഴുതിയത്. മൂന്ന് കിരീടങ്ങൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ഒടുവിൽ ചാമ്പ്യൻസ് ലീഗും. മാഞ്ചസ്റ്റർ യുണൈറ്റഡിനുശേഷം ട്രിപ്പിൾ കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ബാണ്. 1999ലായിരുന്നു യുണൈറ്റഡിന്റെ നേട്ടം.
നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ തകർത്ത് ഫൈനലിലെത്തിയ സിറ്റിക്ക് ഇസ്താംബുളിലെ അർടാറ്റുക് ഒളിമ്പിക് സ്റ്റേഡിയത്തിൽ ഇന്റർ മിലാൻ ഒരു ഇളവും നൽകിയില്ല. ഫെഡെറികോ ഡിമാർക്കോയെന്ന ഇടതുബാക്ക് സിറ്റി പ്രതിരോധത്തിന് ചില്ലറ തലവേദനയൊന്നുമല്ല നൽകിയത്. സിമിയോണി ഇൻസാഗിയുടെ തന്ത്രങ്ങളിൽ ഇന്റർ പടക്കുതിരകളായി. മധ്യനിരയിൽനിന്നുള്ള പന്തൊഴുക്ക് പൂർണമായി ചിതറിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ ആദ്യമായി സിറ്റി പരിഭ്രാന്തിയിലായി. വരയ്ക്കരികെ ഗ്വാർഡിയോള കളിക്കാരോട് ശാന്തരാകാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതിനിടെ മധ്യനിരയിലെ ചാലകശക്തി കെവിൻ ഡി ബ്രയ്ൻ പരിക്കുകാരണം കളംവിട്ടത് സിറ്റിയുടെ കളിയൊഴുക്കിനെ സാരമായി ബാധിച്ചു.
ഒടുവിൽ കളിയുടെ 68–-ാംമിനിറ്റിൽ കാത്തിരിപ്പിന് അവസാനംകിട്ടി. മാനുവൽ അക്കാഞ്ഞിയുടെ മുന്നേറ്റം. ബോക്സിന് മുന്നിൽവച്ച് ബെർണാഡോ സിൽവയിലേക്ക്. സിൽവയുടെ ക്രോസ് തട്ടിത്തെറിച്ച് ബോക്സിന് പുറത്തേക്ക്. അവിടെനിന്ന് ചാട്ടുളിപോലൊരു ഷോട്ട്. റോഡ്രിഗോ. 2021ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയോട് തോറ്റപ്പോൾ ഏറ്റവുംകൂടുതൽ പഴി കേട്ട താരം.
റോഡ്രിയുടെ ഗോളിൽ രക്ഷപ്പെട്ടെന്ന് വേണമെങ്കിൽ പറയാം. അവസാന നിമിഷങ്ങളിൽ ഇന്റർ സംഹാരരൂപത്തിലായിരുന്നു. ഡിമാർകോയുടെ ഹെഡർ ക്രോസ് ബാറിൽ തട്ടിത്തെറിച്ചപ്പോൾ സിറ്റി ആരാധകർ തലയിൽ കൈവച്ചുപോയി. പിന്നാലെ ഡിമാർകോയുടെ ഷോട്ട് സഹതാരം റൊമേലു ലുക്കാക്കുവിന്റെ കാലിൽ തട്ടിത്തെറിച്ചപ്പോൾ അവർ ഞെട്ടി. ഏറ്റവുമൊടുവിൽ, 89–-ാംമിനിറ്റിൽ ലുക്കാക്കുവിന്റെ ഹെഡർ സിറ്റി ഗോൾ കീപ്പർ എഡേഴ്സന്റെ കാലിൽ തട്ടി പുറത്തുപോയി. പോളിഷ് റഫറി സിമോൺ മാർസിനിയാക്ക് നീണ്ട വിസിൽ മുഴുക്കിയപ്പോൾ, താരങ്ങളെയും ഗ്വാർഡിയോളയെയും തമ്മിൽചേർത്തുനിർത്തുന്ന ആനന്ദത്തിന്റെ സംഗീതമായി അതുമാറി.