ന്യൂഡൽഹി
ഒരു മാസത്തിലേറെയായി വംശീയ–- വർഗീയ കലാപം രൂക്ഷമായി തുടരുന്ന മണിപ്പുരിൽ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നത് അരലക്ഷത്തിലേറെ പേർ. ബിജെപി ഭരണത്തിൽ സംസ്ഥാനത്തെ ക്രമസമാധാനത്തകർച്ചയുടെ ദയനീയ ചിത്രമാണ് സംസ്ഥാന വാർത്താവിതരണമന്ത്രി ആർ കെ രഞ്ജൻ ഞായറാഴ്ച മാധ്യമങ്ങളുമായി പങ്കുവച്ചത്.
സംസ്ഥാനത്ത് 349 ദുരിതാശ്വാസക്യാമ്പിലായി 50,650 പേരുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് എപ്പോൾ മടങ്ങാനാകുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസവും അനിശ്ചിതത്വത്തിലാണ്.
മണിപ്പുരിലേക്കുള്ള ദേശീയപാതയിൽ പലയിടത്തും ഉപരോധം തുടരുന്നതിനാൽ അവശ്യവസ്തുക്കൾ എത്തിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. കലാപം തുടങ്ങിയശേഷം 2376 ട്രക്കിലായി കാൽ ലക്ഷം ടൺ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും നിർമാണസാമഗ്രികളും സംസ്ഥാനത്ത് എത്തിച്ചെന്ന് മന്ത്രി പറഞ്ഞു. റോഡുഗതാഗതത്തെ മാത്രമായി ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനായി ഖോങ്സാങ് റെയിൽവേസ്റ്റേഷൻ വീണ്ടും യാത്രാസജ്ജമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 242 ബാങ്ക് ശാഖയിൽ 198 എണ്ണം പ്രവർത്തിച്ചുതുടങ്ങി.
ഇതുവരെയായി പൊലീസിൽനിന്നും മറ്റും തട്ടിയെടുത്ത 990 തോക്കും 13,526 വെടിത്തിരയും ആളുകൾ മടക്കിനൽകിയെന്ന് മന്ത്രി അറിയിച്ചു. സംഘർഷത്തിന് അയവുവരാത്ത സാഹചര്യത്തിൽ ഇന്റർനെറ്റ് വിലക്ക് 15 വരെ സർക്കാർ നീട്ടി.