ബൊഗാട്ട (കൊളംബിയ)
ആമസോൺ വനത്തിൽനിന്നും കണ്ടെത്തിയ കൊളംബിയൻ കുട്ടികൾ കുടുംബത്തോടൊപ്പം ചേർന്നു. വിദഗ്ധ ചികിത്സയ്ക്കായി ബൊഗാട്ടിയയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്കൊപ്പം അച്ഛനും മുത്തച്ഛനും മുത്തശ്ശിയും അടക്കമുള്ള മറ്റു ബന്ധുക്കളെത്തി. കുട്ടികളുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെങ്കിലും സാധാരണ നിലയിൽ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. നിർജ്ജലീകരണവും പ്രാണികളുടെ കടിയേറ്റതിന്റെ മുറിവുകളുമല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുംതന്നെ കുട്ടികൾക്കില്ല.
മെയ് ഒന്നിന് ആമസോണസ് പ്രവിശ്യയിലെ അരരാകുവാരയിൽനിന്ന് ഗ്വവിയർ പ്രവിശ്യയിലെ സാൻ ജോയ് ഡെൽ ഗ്വവിയറിലേക്ക് സഞ്ചരിച്ച ചെറുവിമാനം ആമസോൺ വനത്തിൽ തകർന്ന് വീണ് കാണാതായ കുട്ടികളെ 40 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. ചികിത്സയിൽ തുടരുന്ന കുട്ടികളെ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെത്രോ ആശുപത്രിയിലെത്തി സന്ദർശിച്ചു.
അതിജീവനത്തിന്റെ കഥ
പ്രാദേശിക സായുധ സംഘത്തിന്റെ എതിർപ്പിനാൽ നാടുവിട്ട ഭർത്താവ് മാനുവൽ റാനോക്കെയെ തേടിയാണ് മഗ്ഡലീന മുക്കുട്ടി തന്റെ നാലുമക്കളുമായി പ്രാദേശിക നേതാവിനൊപ്പം മെയ് ഒന്നിന് വിമാനയാത്ര ആരംഭിക്കുന്നത്. യാത്ര തുടങ്ങി ഏതാനും സമയത്തിനുള്ളിൽ വിമാനം വനത്തിനുള്ളിൽ തകർന്നുവീണു. മഗ്ഡലീന, പ്രാദേശിക നേതാവ്, വിമാനത്തിന്റെ പൈലറ്റ് എന്നിവർ അപകടത്തിൽ മരിച്ചു. 13, ഒമ്പതും, നാലും വയസ്സുള്ള പെൺകുട്ടികളും പതിനൊന്ന് മാസം പ്രായമുള്ള ആൺകുട്ടിയും അപകടത്തിൽനിന്നും രക്ഷപ്പെട്ടു.
കവചമായത് ലെസ്ലി
കുട്ടികളുടെ ജീവൻ രക്ഷിച്ചത് മൂത്ത പെൺകുട്ടി ലെസ്ലിയുടെ (13) ധൈര്യവും വനത്തേയും കുട്ടികളെ പരിചരിക്കുന്നതിലുമുള്ള പരിചയവുമാണ്. അമ്മ ജോലിയുടെ തിരക്കിലായിരിക്കുമ്പോൾ സഹോദരങ്ങളായ സൊലെയ്റ്റി(9), നോറിയെൽ(4), ക്രിസ്റ്റ്യൻ നെരിമാൻ (1) എന്നിവരെ നോക്കിയിരുന്നത് ലെസ്ലി ആയിരുന്നു. തകർന്ന വിമാനത്തിലുണ്ടായിരുന്ന കസാവ മാവ് കൊണ്ടുള്ള (കപ്പ കൊണ്ടുള്ള ) റൊട്ടിയാണ് ഇവർ വിശപ്പടക്കാൻ ഉപയോഗിച്ചത്.
പിന്നീട് വനത്തിലെ വിത്തും പാഷൻഫ്രൂട്ടിന് സമാനമായ അവിച്യൂർ അടക്കമുള്ള പഴങ്ങളും ഭക്ഷിച്ചു. കാട്ടിലെ ഏതൊക്കെ വസ്തുക്കൾ കഴിക്കാം എന്നകാര്യം അവർക്കറിയാമെന്ന് കുട്ടികളുടെ മുത്തച്ഛൻ പറഞ്ഞു. മുതിർന്ന പെൺകുട്ടിക്കും അവളുടെ ധൈര്യത്തിനും നേതൃത്വത്തിനും നന്ദി.
കാടിനെക്കുറിച്ചുള്ള അവളുടെ അറിവ് അവരെ രക്ഷിക്കാൻ സഹായിച്ചു. കൊളംബിയൻ പ്രതിരോധമന്ത്രി ഇവാൻ വെലാസ്കസ് അവരെ സന്ദർശിച്ചശേഷം പറഞ്ഞു.
വിൽസൺ എവിടെ?
കുട്ടികളെ കണ്ടെത്തിയ ആഹ്ലാദത്തിനിടയിലും രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്ന വിൽസൺ എന്ന നായയെ കാണാതായത് ദുഃഖമായി. കുട്ടികൾ കാട്ടിൽ ഉപേക്ഷിച്ച വസ്തുക്കൾ കണ്ടെത്തുകയും തിരച്ചിലിൽ സംഘത്തിന് വഴികാട്ടുകയും ചെയ്ത ബെൽജിയൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെ ആണ് കാണാതായത്. വിൽസണിനെ കാട്ടിൽ ഉപേക്ഷിച്ച് മടങ്ങില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും സംഘം അറിയിച്ചു.