പാരിസ്
ഫ്രഞ്ച് ഓപ്പൺ പുരുഷ ടെന്നീസ് കിരീടംചൂടി നൊവാക് ജൊകോവിച്ച് ചരിത്രം രചിച്ചു. 23 ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന എക്കാലത്തേയും നേട്ടം സെർബിയക്കാരന്. മൂന്നേകാൽ മണിക്കൂർ നീണ്ട ഫൈനലിൽ നോർവെയുടെ കാസ്പെർ റൂഡിനെ 7–-6, 6–-3, 7–-5ന് കീഴടക്കി. 22 കിരീടങ്ങളുള്ള റാഫേൽ നദാലിനെ പിന്തള്ളിയാണ് ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമെന്ന ബഹുമതി മുപ്പത്താറുകാരൻ സ്വന്തമാക്കിയത്. മൂന്നാംതവണയാണ് ഫ്രഞ്ച് ഓപ്പൺ നേടുന്നത് (2016, 2021, 2023).
പത്തുതവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ മൂന്നാംറാങ്കുകാരൻ ഏഴുവട്ടം വിംബിൾഡണും കരസ്ഥമാക്കി. യുഎസ് ഓപ്പണിൽ മൂന്ന് കിരീടങ്ങളാണ്. നാലാംറാങ്കുകാരനായ കാസ്പെർ റൂഡ് കഴിഞ്ഞവർഷവും റണ്ണറപ്പായിരുന്നു. റാഫേൽ നദാലിനോടാണ് തോറ്റത്.