കോവളം
ടിപ്പർ ലോറിക്കു പിന്നിൽ സൈക്കിൾ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികനായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസര് കല്ലറ മരുതമൺ ഹിരൺ വിലാസത്തിൽ ആർ വി ഹിരൺ രാജ് (45) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ കോവളം ജങ്ഷനിൽ ആയിരുന്നു അപകടം. സൈക്കിളിൽ പോകവെ പിന്നാലെ വന്ന കാറിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബൈപാസ് റോഡിൽ തെറ്റായി പാർക്കു ചെയ്തിരുന്ന ടിപ്പർ ലോറിയുടെ വശത്ത് മുഖം ഇടിച്ചു വീഴുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഹിരൺ ഞായർ രാവിലെയാണ് മരിച്ചത്.
സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടായിരുന്ന ഹിരൺ ഇതുമായി ബന്ധപ്പെട്ട വ്ലോഗിങ് ചിത്രീകരണ ഭാഗമായിട്ടാകണം കോവളം ഭാഗത്തേക്ക് എത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. സൈക്കിളിങ് മത്സര തൽപ്പരനായിരുന്ന ഹിരൺ നിരവധി മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ തുടക്കകാലത്ത് ഇതിന്റെ അമരക്കാരനായിരുന്ന ഐജി പി വിജയനൊപ്പം ചേർന്നു പ്രവർത്തിച്ച് പദ്ധതിയെ കൂടുതൽ ആകർഷകമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഡിജിറ്റൽ ഉള്ളടക്ക നിർമാണ വൈദഗ്ധ്യമാണ് ഹിരണിന് ഈ പദ്ധതിയെ കൂടുതൽ ഉന്നതിയിലെത്തിക്കാൻ സഹായകമായത്. ഭാര്യ: ശ്രീജ ഹിരൺ. മക്കൾ: അഗ്നിവേശ്, അഹാൻ.