ന്യൂഡൽഹി> ബിജെപി ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഉദ്യോഗസ്ഥ നിയമനങ്ങളിലടക്കം ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് സുപ്രീംകോടതി നൽകിയ അധികാരങ്ങൾ അട്ടിമറിക്കാൻ കേന്ദ്രം കൊണ്ടുവന്ന സർവീസസ് ഓർഡിനൻസിനെതിരെ എഎപി നടത്തിയ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഇപ്പോളുള്ളത് ഏകാധിപത്യമാണെന്നും കേന്ദ്രസർക്കാറിന്റെ നടപടികൾ ഇപ്പോൾ തടഞ്ഞില്ലെങ്കിൽ സമാനമായ ഓർഡിനൻസുകൾ മറ്റ് സംസ്ഥാനങ്ങളിലും കൊണ്ടുവരുമെന്നും കെജ്രിവാൾ പറഞ്ഞു. ബിജെപിക്കെതിരെ ഡൽഹി ജനതയെ അണിനിരത്താൻ ലക്ഷ്യമിട്ടുള്ള മഹാറാലിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പുറമേ പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.