കുവൈത്ത് സിറ്റി > കുവൈത്ത് റസിഡൻസി റദ്ദാക്കിയ പ്രവാസികളുടെ 66,584 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രവാസികളുടെ ലൈസൻസുകൾ പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. ലൈസൻസ് ഉടമകൾ മരണപ്പെടുകയോ ആറുമാസത്തിലേറെയായി കുവൈത്തിന് പുറത്ത് താമസിക്കുകയോ ചെയ്തതിനാലാണ് ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയത്. ഇത്തരക്കാർ വീണ്ടും കുവൈത്തിൽ എത്തിയാൽ പുതിയ ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടിവരും.
പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ രാജ്യത്ത് കർശനമാക്കിയിട്ടുണ്ട്. രാജ്യത്ത് പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്യുകയും 600 ദിനാർ ശമ്പളവും ബിരുദവും അനിവാര്യമാണ്. കൂടാതെ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി മൂന്നു വർഷത്തിൽ നിന്ന് ഒരു വർഷത്തേക്ക് ചുരുക്കിയിട്ടുമുണ്ട്. ഇതോടെ ഓരോ വർഷവും ലൈസൻസ് പുതുക്കണം.