അടിമാലി > ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങളെ മനോഹരിയാക്കുന്ന കാലമാണ് മൺസൂൺകാലം. ഇടമുറിയാതെ പെയ്യുന്ന മഴയിൽ ജലപാതങ്ങൾ സജീവമാകും. രൗദ്രഭാവം പുൽകുന്ന വെള്ളച്ചാട്ടങ്ങൾ നൽകുന്ന മനോഹാരിത വർണ്ണനാതീതമാണ്. മാങ്കുളത്ത് കാട്ടാറുകളും കാട്ടരുവികളുമൊക്കെ വേനൽമഴ സമ്മാനിച്ച കുളിർമയിൽ രൗദ്രഭാവം പൂണ്ടൊഴുകി തുടങ്ങി. പച്ചപ്പിന് മുകളിൽ നൂൽമഴപെയ്തിറങ്ങുന്ന കാഴ്ച്ച ഇടക്കിടെ കോടമഞ്ഞ് മറയ്ക്കും.
മലനിരകളിൽ വെള്ളിവര തീർക്കുന്ന വെള്ളച്ചാട്ടങ്ങൾ ഈ മലയോര ഗ്രാമത്തിന് വല്ലാത്ത ഭംഗി നൽകുന്നുണ്ട്. പാറക്കെട്ടുകളിൽ തട്ടി നുരഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾക്ക് പറയാവുന്നതിനും എഴുതാവുന്നതിനുമപ്പുറം ഭംഗിയുണ്ട്. മഴ കനക്കുന്നതോടെ തലതല്ലി ചിതറി ജലപാതങ്ങൾ കൂടുതൽ രൗദ്രഭാവം പുൽകും. വനത്തിന്റെ നിശബ്ദത മുറിക്കുന്ന ഒഴുക്കിന്റെ ഇരമ്പൽ കാഴ്ച്ചയുടെയും ഭംഗി വർധിപ്പിക്കുന്നതാണ്. കോവിഡ് ആശങ്കയൊഴിഞ്ഞ് സഞ്ചാരികളുടെ വരവിനായി കാതോർക്കുകയാണ് മാങ്കുളവും ഇവിടുത്തെ വെള്ളച്ചാട്ടങ്ങളും.
ഉയരത്തിൽ ഏതാണ്ട് അതിരപ്പിള്ളിയോടടുത്തുവരും പെരുമ്പൻകുത്ത്. കാണുമ്പോൾ സത്യമെന്ന് തോന്നും. ഒരു വ്യത്യാസമുണ്ട് പെരുമ്പൻകുത്ത് പലതട്ടുകളായിട്ടാണ് പതിക്കുന്നത്. അതുകൊണ്ട് രൗദ്രതയെക്കാൾ ഭംഗിയാണ് ഈ കുത്തിന്. കോഴിവാലൻ കുത്ത്, കരിന്തിരിക്കുത്ത്, മീൻകുത്തികുത്ത് എന്നിവയും മഞ്ഞലകൾ നീക്കി പതഞ്ഞൊഴുകുകയാണ്.