ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് നാലുമാസം മാത്രമായ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ സോഹ്ന-ദൗസ സ്ട്രെച്ചിലെ പാലത്തിന് തകരാർ. ഗുരുഗ്രാമിന് 100 കിലോമീറ്റർ അകലെയുള്ള നുഹ് വില്ലേജിലെ മഹുനിൽ നിർമിച്ച പാലത്തിന്റെ കോൺക്രീറ്റാണ് അടർന്നു വീണത്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അധികൃതർ വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ പാലത്തിൽ വിള്ളലും കണ്ടെത്തി. 21 അടി നീളമുള്ള പാലത്തിന്റെ ചെറിയ ഭാഗത്ത് മാത്രമാണ് പ്രശ്നമുള്ളതെന്നും സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും എൻഎച്ച്എഐ അധികൃതർ പറഞ്ഞു.
12,150 കോടി ചെലവിൽ നിർമിച്ച 246 കിലോമീറ്റർ സോഹ്ന-ദൗസ സ്ട്രെച്ച് ഫെബ്രുവരി 12നാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 1386 കിലോ മീറ്റർ നീളത്തിൽ രാജ്യത്തെ ഏറ്റവും വലിയ എക്സ്പ്രസ് വേയാണ് ഡൽഹി മുംബൈ അതിവേഗ പാത. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി ആറ് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.