തിരുവനന്തപുരം
സർക്കാരിന്റെ അനുമതി തേടാതെ കെഎസ്ഇബി ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാൻ തീരുമാനിച്ച ഡയറക്ടർ ബോർഡിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ശുപാർശ ചെയ്തെന്ന വാർത്തകൾ വസ്തുതാവിരുദ്ധം.
കെഎസ്ഇബിയിൽ നിയമാനുസൃത ശമ്പള പരിഷ്കരണത്തിനുള്ള സർക്കാർ അംഗീകാരം കാലങ്ങളായി പിന്നീടുള്ള വർഷങ്ങളിലാണ് ലഭിക്കുന്നത്. 1993ൽ ജി കാർത്തികേയൻ വൈദ്യുതി മന്ത്രിയായിരിക്കെ നടത്തിയ ശമ്പള പരിഷ്കരണത്തിനും 1998ലെ ശമ്പള പരിഷ്കരണത്തിനും അംഗീകാരം ലഭിച്ചത് 2010ൽ എ കെ ബാലൻ വകുപ്പുമന്ത്രി ആയിരിക്കെയാണ്. 1993ലും കെഎസ്ഇബിയുടെ ശമ്പള പരിഷ്കരണത്തിനെതിരെ സർക്കാർ അംഗീകാരമില്ലെന്ന പേരിൽ പിന്നീട് സിഎജി റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
കെഎസ്ഇബിയെ തകർക്കാനും പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കാനുമുള്ള തുടർച്ചയായ നീക്കങ്ങളുടെ ഭാഗമാണ് ചില മാധ്യമങ്ങളിലൂടെയുള്ള പുതിയ പ്രചാരണമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
കെഎസ്ഇബി ക്ലാസ് നാല് ജീവനക്കാർക്ക് സർക്കാരിന്റെ ക്ലാസ് മൂന്ന് ജീവനക്കാരുടെ ശമ്പളം നൽകിയെന്നാണ് ഒരു പ്രചാരണം. കെഎസ്ഇബിയിലെ ക്ലാസ് ഫോർ ജീവനക്കാർ അപകടകരമായ സാഹചര്യത്തിൽ ലൈനിൽ പണിയെടുക്കുന്നവരാണ്. വലിയ കഠിനാധ്വാനവും അപകടസാധ്യതയുമുള്ള തൊഴിൽ ചെയ്യുന്നവരെ ഓഫീസിനകത്ത് ജോലി ചെയ്യുന്നവരുമായി താരതമ്യം ചെയ്യാനാകില്ല. വൈദ്യുതി ജീവനക്കാരിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ വേതനം വാങ്ങുന്നവരാണ് കേരളത്തിലെ ജീവനക്കാർ. സർക്കാരാണ് ശമ്പളപരിഷ്കരണ നടപടികൾക്ക് തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി സർക്കാർ പ്രതിനിധിയും കെഎസ്ഇബി പ്രതിനിധിയും ജീവനക്കാരുടെ സംഘടനകളും ചേർന്നാണ് കരാർ ഉണ്ടാക്കുന്നത്. കരാറിന് വൈകിയാണ് അംഗീകാരം ലഭിക്കാറ്.