തിരുവനന്തപുരം
കെ ഫോൺ പദ്ധതി ടെൻഡർ ചെയ്യുക വഴി 500 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാക്കിയെന്ന ആക്ഷേപം പലതവണ ചർച്ച ചെയ്ത് കേരളം തള്ളിയത്. ടെൻഡർ നടപടി പൂർത്തിയാക്കിയപ്പോൾ 296 കോടി രൂപയുടെ നേട്ടമാണ് കെ ഫോണിനുണ്ടായത്.
1028 കോടി രൂപയായിരുന്നു പദ്ധതിയുടെ ആദ്യ ഭരണാനുമതി. മൂലധനച്ചെലവിനും ഒരുവർഷ പരിപാലനത്തിനുമാണ് ഈ തുക നിശ്ചയിച്ചത്. വാർഷിക പരിപാലനച്ചെലവ് വർഷം 104 കോടി രൂപ മതിപ്പിൽ ഏഴു വർഷത്തേക്ക് 724 കോടിയാണ് ഈ ഘട്ടത്തിൽ കണക്കാക്കിയിരുന്നത്. ടെൻഡറിൽ ഏഴു വർഷത്തേക്ക് 428 കോടി മാത്രമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) ആവശ്യപ്പെട്ടത്. ഏഴു വർഷത്തേക്ക് 724 കോടിയുടെ അടങ്കൽ പ്രതീക്ഷിച്ചിടത്ത് 363 കോടി രൂപ പരിപാലനച്ചെലവും അതിന്റെ ജിഎസ്ടിയും ഉൾപ്പെടെ 428 കോടി രൂപമാത്രമാണ് പൊതുമേഖലാ സ്ഥാപനമായ ബെൽ ആവശ്യപ്പെട്ടത്. ഇതിനെ അഴിമതിയായി ചിത്രീകരിച്ച് വലിയ പ്രചാരണം നൽകാനുള്ള ശ്രമം അന്നേ തുടങ്ങിയതാണ്. ആയിരത്തിൽപ്പരം ജീവനക്കാരും ആവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കാനുള്ള വാഹനങ്ങളും യന്ത്രോപകരണങ്ങളുമടക്കം സംസ്ഥാനത്താകെ ലഭ്യമാക്കുന്നതിന് മാസം അഞ്ചുകോടി രൂപവീതമാണ് ബെല്ലിന് കൈമാറുന്നത്.
പദ്ധതിപരിപാലനത്തിനും മുതൽമുടക്കിന്റെ തിരിച്ചടവിനുമുള്ള ഉത്തരവാദിത്വം കെ ഫോണിനാണ്. കിഫ്ബിയുടെ വാർഷിക തിരിച്ചടവ് 100 കോടി, വൈദ്യുതി ബോർഡിന് വാർഷിക വാടക 15 കോടി എന്നിവയും കണ്ടെത്തണം. ഫൈബർ നെറ്റ് വർക്കിന്റെ സേവനം ലഭ്യമാക്കുന്നവരിൽനിന്നുള്ള പാട്ടമായിരിക്കും കെ ഫോണിന്റെ ഒരുവരുമാനം. സർക്കാർ സ്ഥാപനങ്ങളിലെ കണക്ഷന് നിലവിൽ നൽകുന്ന സർവീസ് ചാർജിന്റെ ഒരുഭാഗം ഇനി കെ ഫോണിന് ലഭിക്കും.
വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുക, കോർപറേറ്റുകൾക്കായി പ്രത്യേകം കണക്ഷനുകളും മൾട്ടി പ്രോട്ടോകോൾ ലേബൽ സ്വിച്ചിങ് (എംപിഎൽഎസ്) നെറ്റ്വർക്കും നൽകുക തുടങ്ങിയ വരുമാന പദ്ധതികളുണ്ട്. 14,000 റേഷൻ കട, രണ്ടായിരത്തി-ലധികം സപ്ലൈകോ ഔട്ട്ലെറ്റുകൾ, കേരള ബാങ്ക് ഉൾപ്പെടെ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വാണിജ്യ കണക്ഷനുകളിലൂടെ വരുമാനമുണ്ടാകും.