മട്ടന്നൂർ
രാജ്യത്തെ മതപരമായി വേർതിരിക്കാനുള്ള ശ്രമം മതനിരപേക്ഷതകൊണ്ടുമാത്രമേ പ്രതിരോധിക്കാൻ കഴിയൂവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് തീർഥാടകർക്കുള്ള യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. വിശ്വാസികൾക്കും അവിശ്വാസികൾക്കും ജനാധിപത്യപരമായി ജീവിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന അഹംഭാവമാണ് യഥാർഥത്തിൽ ഇന്ത്യക്കാർക്ക് ലോകത്തിനു മുന്നിൽ ഉണ്ടായിരുന്നത്. ഏതു മതവിശ്വാസിക്കും അവരുടെ വിശ്വാസവുമായി ഇന്ത്യയിൽ ജീവിക്കാൻ കഴിയണം. കമ്യൂണിസ്റ്റുകാർ ഒരു മതവിഭാഗത്തിനും എതിരായ നിലപാട് സ്വീകരിക്കുന്നവരല്ല.
കേരള സർക്കാരും കിയാലും കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തതിനായി ശ്രമിക്കുകയാണ്. വിദേശ കമ്പനികളുടെ വിമാനങ്ങൾ വരാൻ തയ്യാറാണ്. പക്ഷേ, കേന്ദ്രം അനുവദിക്കുന്നില്ല. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശനി ഉച്ചയോടെയാണ് എം വി ഗോവിന്ദൻ ഹജ്ജ് ക്യാമ്പിലെത്തിയത്. ക്യാമ്പിലെ സൗകര്യങ്ങൾ അദ്ദേഹം വിലയിരുത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉൾപ്പെടെയുള്ളവർ കൂടെയുണ്ടായിരുന്നു.