കൊച്ചി
നല്ല വെള്ളവും ഭക്ഷണവും ലഭിക്കാൻ ബുദ്ധിമുട്ടിയ ദിനങ്ങൾ. ഒടുവിൽ ശുചിമുറിയിലെ വെള്ളം കുടിക്കാൻ നൈജീരിയൻ നാവികസേനയുടെ കൽപ്പന. നൈജീരിയയിൽ കപ്പലിൽ തടവിലാക്കിയ എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്തയും ഒപ്പമുള്ളവരും അനുഭവങ്ങൾ പങ്കുവച്ചു.
കപ്പലിൽ ചെറിയ മുറിയിൽ 16 പേർക്കൊപ്പം കഴിയേണ്ടിവന്നു. രണ്ടുമാസത്തിലൊരിക്കലാണ് മൊബൈൽ ഫോൺ ലഭിക്കുക. വീട്ടിലേക്ക് വിളിക്കാനാകാതെ വീർപ്പുമുട്ടിയ ദിനങ്ങളാണ് കടന്നുപോയതെന്നും മിൽട്ടൺ. കുടുംബത്തോടൊപ്പം കുറച്ചുനാൾ ചെലവഴിക്കാനാണ് ഇനി ആഗ്രഹിക്കുന്നതെന്ന് സനു ജോസ് പറഞ്ഞു.
എംബസിയുടെയും സംസ്ഥാന സർക്കാരിന്റെയും ഭാഗത്തുനിന്ന് മികച്ച സഹായം ലഭിച്ചെന്ന് കൊല്ലം സ്വദേശി വി വിജിത് പറഞ്ഞു. മൂന്നുതവണ മലേറിയയും പനിയും വന്നപ്പോഴുണ്ടായ പ്രയാസങ്ങൾ വിജിത് ഓർത്തെടുത്തു.
സനുവിനെ കാണാൻ കാത്തിരിക്കുകയായിരുന്നു മക്കളായ യുകെജി വിദ്യാർഥിനി എലിസബത്തും നാലാംക്ലാസ് വിദ്യാർഥി ബെനഡിക്ടും. ഭർത്താവിന് മോചനം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു സനുവിന്റെ ഭാര്യ മെറ്റിൽഡയും. മറ്റു കുടുംബാംഗങ്ങളും എത്തിയിരുന്നു. മിൽട്ടൺ ഡിക്കോത്തയുടെ ഭാര്യ ശീതൾ, മകൻ ഹാഡ്വിൻ, വിജിത്തിന്റെ ഭാര്യ രേവതി, മകൻ നീൽ, ഇരുവരുടെയും കുടുംബാംഗങ്ങൾ എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.